സ്വന്തം സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഗുജറാത്തിലെ മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എമാര്‍

വഡോദര : ഗുജറാത്തിലെ മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എമാര്‍ സ്വന്തം സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത്. വഡോദര ജില്ലയിലെ മൂന്ന് എംഎല്‍എമാരാണ് ബി.ജെ.പി സര്‍ക്കാരിനെതിരെ നീരസം പ്രകടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല മന്ത്രിമാരും ബ്യൂറോക്രസിയും ഇവര്‍ പറയുന്നത് കേള്‍ക്കുകയോ, പൊതുപ്രതിനിധികളോട് തുറന്ന മനോഭാവം കാണിക്കുകയോ ചെയ്യുന്നില്ലെന്ന് പറഞ്ഞാണ് എംഎല്‍എമാര്‍ രംഗത്തെത്തിയിരിക്കുന്നത്. പല എംഎല്‍എമാരും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തോട് രോഷാകുലരാണെന്നും അവകാശപ്പെട്ടു.

വഖോഡിയ നിയോജകമണ്ഡലത്തില്‍ നിന്നുള്ള മധു ശ്രീവാസ്തവ, മഞ്ജല്‍പുരില്‍ നിന്നും യോഗേഷ് പട്ടേല്‍, സവ്‌ലിയില്‍ നിന്നുള്ള കേതന്‍ ഇനാദാര്‍ എന്നിവരാണ് എംഎല്‍എമാര്‍. അതേസമയം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ബുധനാഴ്ച സംസ്ഥാനത്ത് ഉണ്ടായിരുന്നുവെങ്കിലും എം.എല്‍.എമാര്‍ അവരുടെ പരാതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുകയായിരുന്നു.

മറ്റ് നിരാശരായ എംഎല്‍എമാര്‍ അവരുടെ കൂടെയുണ്ടെന്നും ഭാവിയില്‍ അവരും പ്രതിഷേധവുമായി രംഗത്തു വരാം എന്നും ആറു തവണ എംഎല്‍എ ആയ മധു ശ്രീവാസ്തവ പറഞ്ഞു. ആറുമാസം മുമ്പാണ് ഇപ്പോഴത്തെ ഗവണ്‍മെന്റ് ചുമതലപ്പെട്ടത്. എന്നാല്‍, സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നുത്. മന്ത്രിമാരെ കാണാന്‍ പോകുന്ന സമയത്തൊന്നും ഞങ്ങള്‍ക്ക് അവരെ കാണാന്‍ കഴിയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top