3 requests: Umar demands cigarettes, newspaper, space with Kanhaiya

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാരോപിച്ച് കേസെടുത്തതിനെ തുടര്‍ന്ന് ജയിലിലെത്തിയ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും പൊലീസിനോട് ആവശ്യപ്പെട്ടത് മൂന്നു കാര്യങ്ങള്‍. ഒരു പാക്കറ്റ് സിഗരറ്റ്, പത്രം, കനയ്യ കുമാറിനൊപ്പം ആര്‍.കെ പുരം പൊലീസ് സ്റ്റേഷനില്‍ താമസിപ്പിക്കണം എന്നിവയാണ് അത്.

താന്‍ തുടര്‍ച്ചയായി പുകവലിക്കുന്ന വ്യക്തിയാണെന്ന് ഉമര്‍ ഖാലിദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിന് മിനിട്ടുകള്‍ക്കു മുന്‍പാണ് താന്‍ അവസാനമായി പുകവലിച്ചതെന്നും ഖാലിദ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ സിഗരറ്റുകള്‍ വേണമെന്ന ആവശ്യം പൊലീസ് നിരാകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ജെഎന്‍യു ക്യാംപസിലെ കാന്റീനില്‍നിന്നുള്ള മോമോസും ബിരിയാണിയും വേണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. എന്നാല്‍ അത് അനുവദിക്കാനാവില്ലെന്ന് അറിയിച്ച പൊലീസ് സ്റ്റേഷനു സമീപത്തുള്ള ഹോട്ടലില്‍ നിന്നും ആഹാരം വാങ്ങി നല്‍കി. ഇരുവര്‍ക്കും വായിക്കുന്നതിനായി ഹിന്ദി ദിനപ്പത്രങ്ങളും നല്‍കുന്നുണ്ട്.

കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് തെളിവായി കാണിച്ച വിഡിയോയിലുള്ളവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചിലരുടെ പേരുകള്‍ ഉമര്‍ ഖാലിദ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തവരില്‍ അധികവും പുറത്തുനിന്നുള്ളവരാണ്. വിദ്യാര്‍ഥികളല്ലെന്നും ഖാലിദ് മൊഴി നല്‍കി. പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയില്ലെന്നും എന്നാല്‍ കശ്മീരിനെ സ്വതന്ത്രമാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഉമര്‍ മൊഴി നല്‍കിയെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസമാണ് ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും കീഴടങ്ങിയത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ച് കേസ് റജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ മാസം ഒന്‍പതിനാണ് പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങ് ജെഎന്‍യുവില്‍ സംഘടിപ്പിച്ചത്.

Top