പത്തനാപുരത്ത് ആന ചെരിഞ്ഞത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച്; 3 പേര്‍ അറസ്റ്റില്‍

കൊല്ലം: പത്തനാപുരം കറവൂരില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കറവൂര്‍ സ്വദേശികളായ അനിമോന്‍, രഞ്ജിത്ത്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. പൈനാപ്പിളില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് ആന ചെരിഞ്ഞത്. സംഭവത്തില്‍ മൃഗവേട്ടക്കാരായ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും ഒളിവില്‍ പോയ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും അധികൃതര്‍ അറിയിച്ചു.

വായില്‍ വലിയ വ്രണവുമായി കണ്ടെത്തിയ ആന ഏപ്രില്‍ 11നാണ് ചെരിഞ്ഞത്. ആനക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. മരക്കൊമ്പ് തട്ടി മുറിവേറ്റതാകാമെന്നാണ് ആദ്യം വനപലാകര്‍ കരുതിയിരുന്നത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തറിച്ചതിന്റെ സംശയം ഉയര്‍ന്നോതടെ അന്വേഷണം നടത്തുകയായിരുന്നു.

പിടിയിലായ മൂന്നുപേരും മൃഗവേട്ടക്കാരാണ്. പൈനാപ്പളില്‍ പന്നിപ്പടക്കം ഒളിപ്പിച്ച് മൃഗവേട്ട നടത്തുകയാണ് ഇവരുടെ രീതി. മ്ലാവിനെ പിടികൂടാന്‍ വെച്ച പന്നിപ്പടക്കം ആന ഭക്ഷിക്കുകയായിരുന്നുെവന്നാണ് ഇവര്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പാലക്കാട് ജില്ലയില്‍ കാട്ടാന പന്നിപ്പടക്കം നിറച്ച പൈനാപ്പിള്‍ കഴിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ചെരിഞ്ഞത്. ഈ സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Top