പ്രതി ചേര്‍ക്കാതിരിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടു; മൂന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: കേസില്‍ പ്രതി ചേര്‍ക്കാതിരിക്കാന്‍ വ്യവസായിയോട് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ദേശീയ അന്വേഷണ ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാനാണ് ഇവര്‍ വ്യവസായിയോട് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടത്.

എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായി പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്താനും എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്. പരാതി ലഭിച്ചതായും മൂന്ന് പേരെ സ്ഥലം മാറ്റിയതായും എന്‍.ഐ.എ വക്താവ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

നടപടി നേരിട്ടവരില്‍ ഒരാള്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. സംഝോത എക്സ്പ്രസ് സ്ഫോടനം ഉള്‍പ്പെടയുള്ള കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ജൂനിയര്‍ റാങ്കിലുള്ളവരാണ് മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍. പാക്ക് ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ തലവനായ ഹാഫിസ് സയീദ് നടത്തിയിരുന്ന ഫലാഹ്-ഇ-ഇന്‍സാനിയത്ത് എന്ന ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കേസായിരുന്നു ഇവര്‍ അന്വേഷിച്ചിരുന്നത്. വ്യവസായിയുടെ ഡല്‍ഹിയിലെ വസതിയില്‍ എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാനായി ഇവര്‍ വ്യവസായിയോട് കൈക്കൂലി ആവശ്യപ്പെട്ടത്.

ഈ കേസില്‍ യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഹാഫിസ് സയീദ് ഉള്‍പ്പടെയുള്ള 7 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇന്ത്യയിലുള്‍പ്പടെ നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ ഹാഫിസ് സയീദ് നിലവില്‍ ലാഹോറില്‍ ജയിലില്‍ കഴിയുകയാണ്.

Top