ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;രോഗ ബാധിതരുടെ എണ്ണം 17ആയി

തൊടുപുഴ: ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാഫലങ്ങളില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നഗരസഭാ കൗണ്‍സിലറാണ്. മറ്റൊരാള്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സാണ്. ഒരാള്‍ ആശാവര്‍ക്കറുമാണ്. ഇതോടെ ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 17 ആയി ഉയര്‍ന്നു.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ഉള്ള വാര്‍ഡിലെ കൗണ്‍സിലര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മേഖലയില്‍ കൗണ്‍സിലര്‍ ബോധവത്കരണ പരിപാടികള്‍ക്കായി വ്യാപകമായി പങ്കെടുത്തിരുന്നു.

തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ നഴ്‌സിനാണ് രോഗം ബാധിച്ചത്. ഇവര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇടപഴകിയതായി വിവരം ലഭിച്ചിട്ടുണ്ട്.

നിലവില്‍ റെഡ് സോണിലാണ് ഇടുക്കി ജില്ല. കടുത്ത നിയന്ത്രണങ്ങളും ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, ഇരട്ടയാര്‍, ചക്കുപള്ളം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും ഇപ്പോള്‍ ഹോട്ട്‌സ്‌പോട്ടിലാണ്.

Top