സ്‌കൂള്‍ കായികോത്സവത്തില്‍ ഒന്നാമതെത്തുന്ന സ്‌കൂളിന് 3 ലക്ഷം രൂപ ; കായികമന്ത്രി

തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഒന്നാമതെത്തുന്ന സ്‌കൂളിന് 3 ലക്ഷം രൂപ കായികവകുപ്പ് പാരിതോഷികം നല്‍കുമെന്ന് കായികമന്ത്രി ഇ.പി ജയരാജന്‍.

രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു

ഒളിമ്പ്യന്‍ ടിന്റു ലൂക്ക ദീപശിഖ തെളിച്ചതോടെയാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഔപചാരികമായ തുടക്കമായത്. വടക്കേ മലബാറിന്റെ തനത് കലാ കായിക ആയോധന പ്രകടനങ്ങള്‍ ഉദ്ഘാടന ചടങ്ങിന് മാറ്റ്കൂട്ടി.

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ എത്തിയ സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ തുടക്കം പ്രൗഢോജ്വലമായി. ജില്ലാ അടിസ്ഥാനത്തില്‍ അണിനിരന്ന താരങ്ങളുടെ മര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥിന്റെ അധ്യക്ഷതയില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍,കല്യാശ്ശേരി എം എല്‍ എ യും സംഘാടക സമിതി ചെയര്‍മാനുമായ ടി വി രാജേഷ്, സി കൃഷ്ണന്‍ എം എല്‍ എ, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഐ എ എസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഉത്തര ഒളിമ്പ്യന്‍മാരായ പി ടി ഉഷ,മേഴ്‌സിക്കുട്ടന്‍, ടിന്റു ലൂക്ക തുടങ്ങിയ മുന്‍കാല താരങ്ങളെ ആദരിച്ചു.

Top