താലിബാന്‍ തട്ടികൊണ്ടുപോയി ബന്ദികളാക്കിയ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ വിട്ടയച്ചു

ന്യൂഡല്‍ഹി: വിലപേശലിനൊടുവില്‍ ബന്ദികളാക്കിയ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരില്‍ മൂന്നുപേരെ വിട്ടയച്ച് താലിബാന്‍.കഴിഞ്ഞ ഒരു വര്‍ഷമായി താലിബാന്‍ ബന്ദികളാക്കിയവരെയാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.യുഎസ്, അഫ്ഗാനിസ്ഥാന്‍ പട്ടാളം പിടികൂടിയ 11 താലിബാന്‍ നേതാക്കളെ വിട്ടയക്കാമെന്ന് സമ്മതിച്ചതോടെയാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ വിട്ടയച്ചത്.

ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാക്കളടക്കമുള്ളവരെയാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ മോചനത്തിനായി വിട്ടയച്ചത്. അതേസമയം, വിട്ടയച്ച താലിബാന്‍ നേതാക്കളുടെ വിവരം വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍, ഷെയ്ഖ് അബ്ദുര്‍ റഹിം, മൗലവി അബ്ദുര്‍ റാഷിദ് തുടങ്ങിയ താലിബാന്‍ നേതാക്കളെയാണ് വിട്ടയച്ചതെന്ന് സൂചനയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാഗ്‌ലാന്‍ പ്രവിശ്യയിലെ പവര്‍ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന ഏഴ് ഇന്ത്യന്‍ എന്‍ജീനീയര്‍മാരെ 2018ലാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ഉത്തരവാദിത്തമേറ്റെടുത്ത് ആരും രംഗത്തെത്തിയിരുന്നില്ല. ഇതില്‍ ഒരാളെ മാര്‍ച്ചില്‍ മോചിപ്പിച്ചിരുന്നു. ഇനി മൂന്ന് പേരാണ് താലിബാന്‍ പിടിയിലുള്ളത്.

Top