ഷായുടെ റാലിയില്‍ ‘വെടിവെയ്ക്കൂ’ മുദ്രാവാക്യം; പ്രതികളെ ബിജെപി സംരക്ഷിക്കുമോ ?

കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ റാലിക്കിടെ ‘രാജ്യദ്രോഹികളെ വെടിവെയ്ക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികള്‍ക്ക് കോടതിയില്‍ എല്ലാവിധ നിയമസഹായങ്ങളും ലഭ്യമാക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുകയാണ്.

റാലി വേദിയായ ഷാഹിദ് മിനാര്‍ മൈതാനത്തേക്ക് നീങ്ങവെ എസ്പ്ലനേഡിലെ മൈതാന്‍ മാര്‍ക്കറ്റ് കടന്ന് പോകുമ്പോഴാണ് ഇവര്‍ മുദ്രാവാക്യം വിളിച്ചത്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കും.

എന്നാല്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതില്‍ തെറ്റില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നിലപാട്. അതേസമയം മുദ്രാവാക്യങ്ങളിലെ ചില വാക്കുകളുടെ ഉപയോഗത്തില്‍ താന്‍ സന്തുഷ്ടനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവെയ്ക്കാന്‍ ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. രാജ്യവിരുദ്ധരെ വെടിവെച്ച് കൊല്ലണമെന്ന് ഞാന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ മാന്യത കാണിക്കണം, ചില നാടന്‍ ഭാഷാപ്രയോഗങ്ങള്‍ ഒഴിവാക്കണം’, ഘോഷ് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി തെരഞ്ഞെടുപ്പ് റാലികളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. കൂടാതെ പൗരത്വ നിയമത്തെ അനുകൂലിച്ച പരിപാടികളിലും ‘വെടിവെയ്ക്കാന്‍’ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ബിജെപി അണികളും, അമിത് ഷായ്ക്ക് എതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങിയ കോണ്‍ഗ്രസ്, ഇടത് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത പോലീസ് ഇടപെടല്‍ മൂലം ഒഴിവായിരുന്നു.

Top