ഈജിപ്തില്‍ തേളുകളുടെ കുത്തേറ്റ് 3പേര്‍ മരിച്ചു; 450 പേര്‍ക്ക് പരിക്ക്

കയ്റോ: വെള്ളിയാഴ്ച മഴ തിമിര്‍ത്തുപെയ്തപ്പോള്‍ നൈല്‍നദിയിലെ വെള്ളപ്പൊക്കമല്ല ഈജിപ്തിലെ തെക്കന്‍ നഗരമായ അസ്വാനെ വലച്ചത്. കനത്തമഴയ്ക്കും കാറ്റിനും പിന്നാലെ തേളുകള്‍ കൂട്ടമായി തെരുവുകളിലേക്കിറങ്ങി. വീടുകള്‍ തേടിവന്ന അവയുടെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു. പരിക്കേറ്റവരുെട എണ്ണം 450.

ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് തെരുവുകളിലേക്കിറങ്ങിയത്. മനുഷ്യനെക്കൊല്ലി എന്നുകൂടി അറിയപ്പെടുന്ന ഫാറ്റ്‌ടെയ്ല്‍ഡ് (വലിയവാലന്‍) തേളുകളാണ് നാശം വിതച്ചത്. ആന്‍ഡ്രോക്ടോണസ് ജനുസ്സില്‍ പെടുന്നവയാണ് ഇവ.

ആളുകളോട് വീട്ടില്‍ത്തന്നെ കഴിയാനും മരങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. തേളിന്റെ കുത്തേറ്റവര്‍ക്ക് ശ്വാസതടസ്സം, പേശികളില്‍ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്. ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്.

കുത്തേറ്റാല്‍ ഒരുമണിക്കൂറിനുള്ളില്‍ ജീവനെടുക്കാന്‍ ശേഷിയുള്ള വിഷമാണ് ഇവയുടേത്. ഈജിപ്തിനു പുറമേ ഇന്ത്യ, ഇസ്രയേല്‍, ലെബനന്‍ തുര്‍ക്കി, സൗദി അറേബ്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യമുണ്ട്. പ്രതിവര്‍ഷം ഒട്ടേറെപ്പേരാണ് ഇത്തരം തേളുകളുടെ ആക്രമണങ്ങള്‍ക്ക് ഇരയായി ലോകത്ത് മരിക്കുന്നത്.

 

Top