3 childrens died;including malayali brothers

ദമാം: മലയാളി സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് കുട്ടികള്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍-സൗമി ദമ്പതികളുടെ മക്കളായ സൗഹാന്‍ (ആറ്), സൗഫാന്‍ (നാല്) എന്നിവരാണ് മരിച്ച മലയാളികള്‍.

ദുരന്തത്തില്‍ മരിച്ച മൂന്നാമനും ഇന്ത്യക്കാരനാണ്. ഗുജറാത്ത് സ്വദേശി ഹര്‍ദും (ആറ്) ആണ് മരിച്ചത്.

ദമ്മാമിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന കോമ്പൗണ്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം.
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് ദുരന്തമുണ്ടായത്.

ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന സ്വിമ്മിംഗ് പൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു.ഇത് കാണാനെത്തിയ കുട്ടികള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാം എന്നാണ് നിഗമനം.

ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച സൗഹാന്‍.ഇതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ് സൗഫാന്‍.

മെഡിക്കല്‍ സെന്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.ദമ്മാം ബേസിക് കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍ ഉദ്യോഗസ്ഥനാണ് നവാസ്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് സൗമി.

കുട്ടികളുടെ മരണത്തില്‍ അനുശോചിച്ചു ദമ്മാം ഇന്ത്യന്‍ സ്‌കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Top