മുന്നറിയിപ്പ് നല്‍കിയിട്ടും കേട്ടില്ല; സ്‌കൂള്‍ ബസ് അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് വിദ്യാര്‍ഥികള്‍

kushiaccident

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ നടന്ന സ്‌കൂള്‍ ബസപകടം ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് കുട്ടികള്‍. ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നതിനാല്‍ മുന്നറിപ്പു നല്‍കിയിട്ടും ട്രെയിന്‍ വരുന്നത് കാണാതിരുന്നതെന്ന് കുട്ടികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ആളില്ലാ ലെവല്‍ ക്രോസില്‍ ബസും ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിക്കുകയും നാലു പേര്‍ക്ക് ഗിരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പരുക്കേറ്റ വിദ്യാര്‍ഥിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബസ് നിര്‍ത്താന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നെങ്കിലും ഡ്രൈവര്‍ അതുകേള്‍ക്കുന്നുണ്ടായിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഡ്രൈവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും നില ഗുരുതരമാണ്.

അപകടത്തില്‍ ഏഴിനും 11 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഗോരഖ്പുരില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ കുശിനഗറില്‍ വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു ദാരുണമായ സംഭവം. സ്‌കൂള്‍ വാന്‍ ബേഹ്പൂര്‍വയിലെ ആളില്ലാ ലെവല്‍ ക്രോസ് കടക്കവേ താവി-കപ്താന്‍ഗഞ്ച് പാസഞ്ചര്‍ ട്രെയിന്‍ ഇടി ക്കുകയായിരുന്നു. സിവാനില്‍നിന്നു ഗോരഖ്പുരിലേക്കു പോകുകയായിരുന്നു ട്രെയിന്‍. 25 പേരായിരുന്നു വാനിലുണ്ടായിരുന്നത് ഒരു പ്രാദേശിക ട്രസ്റ്റ് നടത്തുന്ന ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണു അപകടത്തില്‍പെട്ടത്.

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. സ്‌കൂള്‍ അധികൃതര്‍ സുരക്ഷാചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം. അപകടസ്ഥലത്തെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം അണപൊട്ടി. റെയില്‍വേക്കും തദ്ദേശ ഭരണകൂടത്തിനും എതിരേ ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ സമാധാനിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

Top