ആലപ്പുഴ : ആലപ്പുഴയിൽ 25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് കാറില്‍ കടത്തിയ 25 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ചെങ്ങന്നൂര്‍ മുളക്കുഴ കാരക്കാട്ട് ഉല്ലാസ് ഭവനത്തില്‍ അനന്തു (24), തിട്ടമേല്‍ അര്‍ച്ചന ഭവനില്‍ കെ.പി. അരുണ്‍ (24), മുളക്കുഴ കുന്നത്ത് പുരയിടം രാഹുല്‍ (കണ്ണന് -27) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ നോര്‍ത്ത് സി.ഐ കെ.പി. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പാതിരപ്പള്ളി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പത്തനംതിട്ട രജിസ്ട്രേഷനുള്ള ഇന്നോവ കാറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
കാറിന്റെ ഡിക്കിയിൽ ബാഗില്‍ ഒളിപ്പിച്ച 2.250 കിലോവീതമുള്ള കഞ്ചാവിന്റെ 11 വലിയ പൊതികളും പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ അഞ്ചുലക്ഷം രൂപയോളം വില വരുമെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ നോര്‍ത്ത് എസ്.ഐ ടോള്‍സണ്‍ പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.