വീടും വാഹനങ്ങളും അടിച്ചു തകര്‍ത്ത മൂന്നംഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: നാലാഞ്ചിറ തിലക്‌ നഗറില്‍ മദ്ധ്യവയസ്‌കയും മകനും വാടകയ്‌ക്ക് താമസിച്ചിരുന്ന വീടും വാഹനങ്ങളും അടിച്ചു തകര്‍ത്ത പ്രതികളെ പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് പുലര്‍ച്ച ഒന്നരയോടെ തിലക് നഗറിലെ താമസക്കാരിയായ ലില്ലിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ മലയിന്‍കീഴ്‌ സ്വദേശികളായ മേപ്പക്കട വെട്ടിക്കോണത്തു വീട്ടില്‍ അഭിലാഷ്‌ (33), അരുവിപ്പാറ സുജിത്ത്‌ നിവാസില്‍ സൂജിത്ത്‌ (26), മേപ്പുക്കട കൊഴക്കാട്‌ എസ്സ്‌. എസ്സ്‌ ഭവനില്‍ സജീവ്‌ (24) എന്നിവരെയാണ്‌ മണ്ണന്തല പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌.

പുലര്‍ച്ചെ 1.30 മണിയോടെ പ്രതികള്‍ മാരാകായുധങ്ങളുമായി മധ്യവയസ്‌കയുടെ മകനെ ആക്രമിക്കുവാന്‍ എത്തുകയായിരുന്നു. എന്നാല്‍ മകന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീടും അവിടെയുണ്ടായിരുന്ന വാഹനങ്ങളും അടിച്ച്‌ തകര്‍ത്തു. ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.

കൊലപാതകം, കവര്‍ച്ച, പെണ്‍വാണിഭം ഉള്‍പ്പെടെ മ്യൂസിയം, പൂജപ്പുര, മലയിന്‍കീഴ് പൊലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ നിരവധി കേസുകള്‍ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. പിടിയിലായ ഈ സംഘത്തിന് അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധമുള്ളതായും മണ്ണന്തല പൊലീസ് പറഞ്ഞു.

Top