3.590 crore black money seized in country

ന്യൂഡല്‍ഹി: 500,1000 നോട്ട് അസാധുവാക്കിയശേഷം 3,590 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് വിവരം പുറത്തുവിട്ടത്.

പുതിയവ അടക്കം 505 കോടിയുടെ നോട്ടുകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടുമുതല്‍ ഈ മാസം 21 വരെയുളള കണക്കുകളാണ് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടത്.

505 കോടിയുടെ നോട്ടുകള്‍ പിടിച്ചതില്‍ 93 കോടി രൂപയുടേത് പുതിയ നോട്ടുകളാണ്. ഇതുമായി ബന്ധപ്പെട്ട് 215 കേസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും 185 കേസുകള്‍ സിബിഐയും അന്വേഷിച്ച് വരികയാണെന്നും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

വെളിപ്പെടുത്താത്ത വരുമാനം കണ്ടെടുത്തതില്‍ എല്ലാവര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. രണ്ടു കോടിയുടെ 2000 രൂപ നോട്ടുകളടക്കം 14 കോടിയുടെ അനധികൃത പണം സൂക്ഷിച്ചിരുന്ന ഡല്‍ഹിയിലെ അഭിഭാഷന്‍ റോഹിത് ഠാണ്ടന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് നോട്ടിസ് നല്‍കിയത്.

ഹൈദരാബാദ് നഗരത്തിലെ ഒരു യൂബര്‍ ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ ഏഴു കോടി രൂപ മൂല്യം വരുന്ന അസാധു നോട്ടുകള്‍ നിക്ഷേപിച്ചിരുന്നതായി കണ്ടെത്തിയതായും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കുശേഷമാണ് ഇത്രയും വലിയ തുക ഇയാളുടെ അക്കൗണ്ടിലെത്തിയത്.

പിന്നീട് പല ഘട്ടങ്ങളിലായി ഈ തുക മുഴുവനും ഒരു സ്വര്‍ണ വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതിനുപുറമെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശ പൗരന്റെ പക്കല്‍ നിന്ന് സിഐഎസ്എഫ് 53.78 ലക്ഷം രൂപയുടെ പുതിയ കറന്‍സികളും 4.29 ലക്ഷം രൂപയുടെ അസാധുനോട്ടുകളും പിടികൂടിയിട്ടുണ്ട്.

അക്കൗണ്ട് ഉടമകളെക്കുറിച്ചുളള വിവരങ്ങളില്‍ അവ്യക്തത കണ്ടെത്തിയതിനെതുടര്‍ന്ന് ഡല്‍ഹി കെജി മാര്‍ഗിലെ കോടാക് മഹീന്ദ്ര ബാങ്കിനെതിരെ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം തുടരുകയാണ്.

ഇതിനിടെ ഉത്തര്‍പ്രദേശിലെ ലക്‌നൗവിന് സമീപം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും അസാധുനോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. തുകയെത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. പൊലീസും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും അന്വേഷണം നടത്തിവരികയാണ്.

അടുത്ത ഘട്ട കണക്കുകളും താമസിയാതെ പുറത്തുവിടുമെന്നാണ് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്.

Top