3 മാസം തല കീഴായി കിടക്കുന്നവര്‍ക്ക് നാസയുടെ 11 ലക്ഷം

3 മാസം 24 മണിക്കൂറും കിടക്കയില്‍ വിശ്രമിക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ നാസ നിങ്ങള്‍ക്ക് 11 ലക്ഷം രൂപ തരും. ഒരു പഠനവുമായി സഹകരിക്കുന്നവര്‍ക്കാണ് നാസ ഈ തുക നല്‍കുക. ബഹിരാകാശ യാത്രികരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള വഴികള്‍ തേടിയുള്ള പഠനമാണ് നാസ നടത്താന്‍ ഉദ്ദേശിക്കുന്നത്.

വിശ്രമം എന്നുപറഞ്ഞാല്‍ തല കീഴായി കിടക്കേണ്ടി വരും. ഗുരുത്വാകര്‍ഷണമില്ലാതെ ബഹിരാകാശത്ത് സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്നത് ഭൂമിയില്‍ പുനസൃഷ്ടിക്കുകയാണ് ലക്ഷ്യം. തല കീഴായി കിടക്കുമ്പോള്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ബഹിരാകാശത്ത് സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്നതിന് സമാനമാണെന്ന് നാസ പറയുന്നു.

മൂന്ന് മാസത്തില്‍ 70 ദിവസം ദിവസം മുഴുവന്‍ തല കീഴായി കിടക്കേണ്ടിവരും.തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യത്തെ രണ്ട് ആഴ്ച കിടക്കയില്‍ ഇഷ്ടമുള്ള വിധം കിടക്കാം. തല കീഴായുള്ള 70 ദിവസത്തെ കിടപ്പിന് ശേഷം രണ്ടാഴ്ച വീണ്ടും ഇഷ്ടം പോലെ കിടക്കാം. ശരീരം പതിയെ സാധാരണ അവസ്ഥയിലെത്തി ചേരും.

ആരോഗ്യമുള്ള അമേരിക്കന്‍ പൌരന്മാരെയോ അമേരിക്കയില്‍ താമസിക്കുന്നവരെയോ ആണ് നാസ പരീക്ഷണത്തിനായി പ്രതീക്ഷിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്ക് നടത്താറുള്ള എല്ലാ പരിശോധനകളും പരീക്ഷണത്തിന് തയ്യാറായി എത്തുന്നവര്‍ക്കും നടത്തും. ബഹിരാകാശ യാത്രികര്‍ക്ക് ആവശ്യമായ ശാരീരിക യോഗ്യതകള്‍ പരീക്ഷണത്തിന് എത്തുന്നവര്‍ക്കും ബാധകമാണ്.

Top