രണ്ടാം ട്വന്റി 20: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു; ടീമിൽ ഒരു മാറ്റം

ഗയാന: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി 20 പരമ്പരയില്‍ വിജയവഴിയിലെത്താന്‍ ഇന്ത്യന്‍ ടീം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം വേദിയാവുന്ന രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റം ഇന്ത്യയുടെ ഇലവനിലുണ്ട്. നെറ്റ്‌സിലെ പരിശീലനത്തിനിടെ പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരം സ്‌പിന്നര്‍ രവി ബിഷ്‌ണോയി ടീമിലെത്തി. ഓപ്പണര്‍ ഇഷാന്‍ കിഷനെ നിലനിര്‍ത്തിയപ്പോള്‍ ട്വന്റി 20 അരങ്ങേറ്റത്തിനായി യശസ്വി ജയ്‌സ്വാള്‍ കാത്തിരിക്കണം. അതേസമയം വിന്‍ഡീസ് പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല. ട്രിനിഡാഡില്‍ നടന്ന ആദ്യ ട്വന്റി 20യില്‍ ടീം ഇന്ത്യ 4 റണ്‍സിന്റെ പരാജയം രുചിച്ചിരുന്നു.

പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ്: കെയ്‌ല്‍ മെയേഴ്‌സ്, ബ്രാണ്ടന്‍ കിംഗ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, റോവ്‌മാന്‍ പവല്‍(ക്യാപ്റ്റന്‍), ജേസന്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെഫേര്‍ഡ്, അക്കീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ഒബെഡ് മക്കോയ്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം ഉയര്‍ന്ന സ്കോറുകള്‍ക്ക് പ്രസിദ്ധമായ മൈതാനമാണ്. ബാറ്റര്‍മാരെ ശക്തമായി പിന്തുണയ്‌ക്കുന്നതാണ് ഇവിടുത്തെ പിച്ചിന്റെ ചരിത്രം. അതിനാല്‍ ബൗളര്‍മാര്‍ പാടുപെടാനിടയുണ്ട്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഏറ്റവും മികച്ച ടീം ടോട്ടല്‍ നേടാനാവും ഇവിടെ ശ്രമിക്കുക. മത്സരം പുരോഗമിക്കുന്തോറും പേസര്‍മാരേക്കാള്‍ സ്‌പിന്നര്‍മാര്‍ക്ക് പിച്ചിന്റെ സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. വിന്‍ഡീസ് നിരയില്‍ ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പുരാനാണ് ഇന്ത്യന്‍ ടീമിന് കനത്ത ഭീഷണി. ആദ്യ മത്സരത്തില്‍ മികവ് കാട്ടാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Top