ജാതിക്കാത്തോട്ടതിനു പിന്നാലെ ‘ദൈവമേ..’ തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അടുത്ത ഗാനമെത്തി

മികച്ച പ്രേക്ഷക പ്രതികരണവുമായി ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

‘ദൈവമേ..’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഗാനത്തിലെ സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ ഭൂരിഭാഗവും പുതുമുഖതാരങ്ങളായിരുന്നു അണിനിരന്നത്. തോമസ് മാത്യുവും അനശ്വര രാജനും വിനീത് ശ്രീനിവാസനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിനെത്തിയ ആദ്യ ദിവസം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

പ്ലസ്ടു കാലഘട്ടത്തില്‍ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം. വലിയ സിനികളുടെ റിലീസ് ഒന്നും ഇല്ലാത്തതിനാല്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് നല്ല പ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

Top