രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം; വെസ്റ്റ് ഇന്‍ഡീസിനെ 59 റണ്‍സിന് പരാജയപ്പെടുത്തി

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 59 റണ്‍സിന് ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 280 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സിന് പുറത്തായി. മഴയെ തുടര്‍ന്ന് മത്സരം തടസപ്പെട്ടതോടെ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയലക്ഷ്യം 46 ഓവറില്‍ 270 റണ്‍സായി ചുരുക്കിയിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഇവിന്‍ ലെവീസിനും (65) മധ്യനിരയില്‍ നിക്കോളാസ് പൂരാനും (42) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങാനായത്. ക്രിസ് ഗെയ്ലിനെ (11) തുടക്കത്തിലേ പുറത്താക്കാന്‍ ഇന്ത്യക്കായി. ഭുവനേശ്വറാണ് വിക്കറ്റ് വീഴ്ത്തിയത്. നാല് പേര്‍ക്ക് ഇരട്ട അക്കം കടക്കാനായില്ല. ഇതില്‍ മൂന്നു പേര്‍ പൂജ്യത്തിനു പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപും ഷമിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഖലീല്‍ അഹമ്മദും ജഡേജയും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് നേടിയത്. ഇന്ത്യന്‍ ഓപ്പണറുമാര്‍ പതറിയയിടത്തുനിന്ന് കോഹ്ലി ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ രണ്ട് റണ്‍സും രോഹിത് ശര്‍മ്മ 18 റണ്‍സും ഋഷഭ് പന്ത് 20 റണ്‍സുമെടുത്തു മടങ്ങി. പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ചായിരുന്നു കോഹ്ലിയുടെ പോരാട്ടം.

സെഞ്ചുറി നേടിയ കോഹ്ലിയെ ബ്രാത്ത്വൈറ്റ് പവലിയന്‍ കയറ്റി. 125 പന്തില്‍ 14 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 120 റണ്‍സെടുത്താണ് കോഹ്ലി മ ടങ്ങിയത്. ശ്രേയസ് അയ്യര്‍ 68 പന്തില്‍ 71 റണ്‍സും അടിച്ചു കൂട്ടി. കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും 16 റണ്‍സ് വീതമെടുത്തു. വിന്‍ഡീസിനായി കാര്‍ലോസ് ബ്രാത്ത്വൈറ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷെല്‍ഡന്‍ കോട്ട്‌റെല്‍, ജയ്‌സണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Top