2g3g used 4g network device

കൊച്ചി 2ജി-3ജി ഫോണുകളിലും 4ജി നെറ്റ്‌വര്‍ക് ലഭ്യമാക്കുന്ന വൈഫൈ ഉപകരണങ്ങള്‍ക്കു ജനപ്രീതിയേറുന്നു. നിലവിലെ ഫോണ്‍ മാറ്റി 4ജി ഹാന്‍ഡ്‌സെറ്റ് വാങ്ങാന്‍ പണം ചെലവിടാതെതന്നെ ഉയര്‍ന്ന ഇന്റര്‍നെറ്റ് വേഗം അനുഭവിക്കാമെന്നതും 10 ഫോണുകളുമായി (ലാപ്‌ടോപ്, ടാബ്‌ലെറ്റ് എന്നിവയ്ക്കും ബാധകം) വരെ ഒരേ സമയം ബന്ധിപ്പിക്കാമെന്നതുമാണ് വൈഫൈ ഹോട്‌സ്‌പോട് ഉപകരണങ്ങളുടെ വില്‍പനയ്ക്കു പിന്നില്‍.

സംസ്ഥാനത്ത് പ്രതിദിനം ശരാശരി 700 വൈഫൈ ഉപകരണങ്ങളാണ് 4ജി സേവന ദാതാവായ റിലയന്‍സ് ജിയോ ഇപ്പോള്‍ വിറ്റഴിക്കുന്നത്.

സെപ്റ്റംബറില്‍ സേവനം തുടങ്ങിയ ജിയോ ഇതിനകം 80,000 വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ കേരളത്തില്‍ വിറ്റു. സ്വന്തം സ്റ്റോറുകളിലൂടെ മാത്രമായിരുന്നു ആദ്യം വൈഫൈ ഉപകരണവും കണക്ഷനും നല്‍കിയിരുന്നത്.

മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വ്യാപാരികള്‍ വഴിയും ഈയിടെ വില്‍പന തുടങ്ങിയതോടെ ഉപയോക്താക്കളുടെ എണ്ണം അതിവേഗം ഉയരുകയാണ്. ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവയും 4ജി വൈഫൈ കണക്ഷനുകള്‍ ധാരാളമായി നല്‍കുന്നു.

ഇവയ്ക്ക് പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് പാക്കേജുകളുണ്ട്. ഉപകരണത്തിന്റെ വിലയായി ഏകദേശം 2000 രൂപ ഈടാക്കുമെങ്കിലും സൗജന്യ ഡേറ്റയോ ബില്ലില്‍ ഡിസ്‌കൗണ്ടോ നല്‍കുന്നുണ്ട്. വൈഫൈ ഹോട്‌സ്‌പോട്ടിന്റെ സ്റ്റോക്ക് തികയാതിരുന്ന അവസരങ്ങള്‍പോലുമുണ്ടെന്ന് ഐഡിയ സെല്ലുലാര്‍ അറിയിച്ചു.

ജിയോയ്ക്ക് ഡിസംബര്‍ 31 വരെ ഉപയോഗം പൂര്‍ണ സൗജന്യമാകയാല്‍ ഇപ്പോള്‍ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് വ്യത്യാസം ബാധകമല്ല. ഡേറ്റ ഉപയോഗത്തിനുള്ള വലിയ ഓഫറിനു (പ്രതിദിനം 4 ജിബി) പുറമെ 4ജി വോയ്‌സ് ആപ് ഉപയോഗിച്ച് സൗജന്യ ഫോണ്‍വിളിയും നടത്താമെന്നതാണ് ജിയോയുടെ 4ജി വൈഫൈയുടെ സവിശേഷത.

മറ്റുള്ള സേവന ദാതാക്കളുടെ ഡേറ്റ കണക്ഷനില്‍ കോള്‍ അനുവദനീയമല്ല. ജിയോ വോയ്‌സ് ആപ് സൗജന്യ മെസേജിങ് സൗകര്യവുമുള്ളതാണ്. ഒന്നിലേറെപ്പേരുടെ പൊതു ഉപയോഗത്തിനാണ് 4ജി വൈഫൈ ഏറെ ഉപയോഗിക്കപ്പെടുന്നത്

Top