സംസ്ഥാനത്ത് 4% ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 292 തസ്തികകള്‍ കൂടി കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 292 തസ്തികകള്‍ കൂടി കണ്ടെത്തി. വിവിധ വകുപ്പുകളിലായാണ് ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ 292 തസ്തികകള്‍ സാമൂഹ്യനീതി വകുപ്പ് കണ്ടെത്തിയത്. നിലവില്‍ കണ്ടെത്തിയിട്ടുള്ള 971 തസ്തികകള്‍ക്കു പുറമെയാണിത്. ഇതോടെ ആകെ കണ്ടെത്തിയ തസ്തികകളുടെ എണ്ണം 1263 ആയി.

ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിസംവരണം മൂന്നില്‍ നിന്നും നാലു ശതമാനമായി ഉയര്‍ത്തുകയും, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ഇതിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്താന്‍ വിദഗ്ധസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ സമിതി സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഭിന്നശേഷി സംവരണം മറ്റു മതവിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തില്‍ ഒരു കുറവും വരാത്ത രീതിയിലായിരിക്കും ഭിന്നശേഷി സംവരണം നടപ്പാക്കുക.മുസ്ലിം സംവരണം 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയുമെന്ന ആശങ്കയാണ് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചത്. സംവരണനഷ്ടം ഉണ്ടാകാത്ത രീതിയില്‍ ഓട്ട് ഓഫ് ടേണ്‍ ആയാണ് ഭിന്നശേഷി സംവരണം നടപ്പാക്കുക.

Top