29 പേരുമായി വാഹനം കനാലിലേക്ക് മറിഞ്ഞു; ഏഴ് കുട്ടികളെ കാണാതായി

ലഖ്‌നൗ: വാഹനം കനാലിലേക്ക് മറിഞ്ഞ് ഏഴു കുട്ടികളെ കാണാതായി. ബരാബംകി ജില്ലയില്‍നിന്നുള്ള 29 പേര്‍ അടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ലഖ്‌നൗവില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

സച്ചിന്‍(6) സണ്ണി(5),സജന്‍(8), സൗരഭ്(8),അമാന്‍(9) മന്‍സി(4),മനീഷ(4)എന്നീ കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് രാത്രി 29 അംഗങ്ങളുള്ള കുടുംബം തിരികെ മടങ്ങവെയാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ദുരന്തം.

ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയെങ്കിലും ഏഴ് കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അതേസമയം അപകടത്തില്‍ കാണാതായ കുട്ടികളെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്.പി.ക്ക് നിര്‍ദേശം നല്‍കി.

Top