ദീപാവലിയോടനുബന്ധിച്ച് പടക്ക വില്‍പന: ഡല്‍ഹിയില്‍ 29 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലിയോടനുബന്ധിച്ച് പടക്ക വില്‍പന നടത്തിയ 29 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1,200 കിലോയിലേറെ പടക്കം കണ്ടെടുത്തെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഇത്തവണ പടക്ക വില്‍പന പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി 15 കടകള്‍ അടപ്പിക്കുകയും ചെയ്തെന്നാണ് വിവരം.

അതേസമയം, അതിവേഗമുള്ള നടപടി തങ്ങള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിയത്. നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

പടക്കങ്ങള്‍ വില്‍ക്കുന്നതിന് 2016-ല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കോടതി പിന്‍വലിച്ചിരുന്നു. ഈ നടപടി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വീണ്ടും വിലക്കേര്‍പ്പെടുത്തിയത്. ആഘോഷവേളകളില്‍ പടക്കം കത്തിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിന് ഒരു കമ്മീഷനെയും കോടതി നിയോഗിച്ചിട്ടുണ്ട്.

Top