ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച 282 വിദേശികള്‍ അറസ്റ്റില്‍

മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച 282 വിദേശികള്‍ അറസ്റ്റില്‍. ഒമാനിലെ മാവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നുമാണ് തൊഴില്‍ നിയമം ലംഘിച്ചതിന് വിദേശികള്‍ അറസ്റ്റിലായത്. തൊഴില്‍ കമ്പോളത്തില്‍ വേണ്ടത്ര നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിന്റെ ഭാഗമായിട്ടുള്ള പരിശോധനക്കിടയില്‍ ആണ് ഇവര്‍ പിടിയിലായത് .

അറസ്റ്റിലായവരില്‍ നൂറ്റി ആറു പേര്‍ തങ്ങളുടെ തൊഴിലുടമയുടെ പക്കല്‍ നിന്ന് ഒളിച്ചോടിയവരും , ബാക്കി 176 പേര്‍ തങ്ങളുടെ റസിഡന്റ് കാര്‍ഡില്‍ രേഖപെടുത്തിയിട്ടുള്ള തൊഴിലില്‍ നിന്നും വ്യത്യസ്തമായി ജോലി ചെയ്തിരുന്നവരും ആയിരുന്നു. 282 വിദേശികളാണ് മാവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ അറസ്റ്റിലാകുന്നത്.

മവേല പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും പിടിക്കപെട്ടവരുടെ റസിഡന്റ് കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരുന്നത് എയര്‍ കണ്ടീഷന്‍ ടെക്നീഷ്യന്‍, ഗാര്‍ഹിക തൊഴിലാളി, മേസന്‍, ആശാരി, പ്ലംബര്‍ എന്നി തൊഴിലുകള്‍ ആണ്. കൂടാതെ മാര്‍ച്ച് മാസത്തില്‍ തൊഴില്‍ നിയമം ലംഘിച്ചതിന് വിവിധ കാര്‍ വാഷിങ് കേന്ദ്രങ്ങളില്‍ നിന്നായി 45ലേറെ പേരെയും അറസ്റ്റ് ചെയ്തിരുന്നു.

രാജ്യത്ത് തൊഴില്‍ നിയമം ലംഘിച്ച 220 ഓളം വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി നാട് കടത്തിക്കഴിഞ്ഞതായി മാനവശേഷി മന്ത്രാലയം വ്യക്തമാക്കി.

Top