മധ്യപ്രദേശില്‍ 28 അം​ഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു; 18 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവി

ഭോപാല്‍ : മധ്യപ്രദേശില്‍ 28 അം​ഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 18 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയും 10 പേര്‍ക്ക് സഹമന്ത്രിസ്ഥാനവുമാണ് നൽകിയത്. സഹമന്ത്രിമാരില്‍ ആറുപേര്‍ക്ക് സ്വതന്ത്രചുമതല നൽകിയിട്ടുണ്ട്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയും കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച പ്രഹ്ലാദ് പട്ടേലും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടു.

അഞ്ചുപേര്‍ വനിതകളാണ്. കേന്ദ്രമന്ത്രിയായിരുന്ന നരേന്ദ്രസിങ് തോമറിനെ സ്പീക്കറായും തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജോതിരാദിത്യ സിന്ധ്യയോട് അടുപ്പമുള്ള നാല് പേർക്ക് മന്ത്രി സ്ഥാനം നൽകി. 28 മന്ത്രിമാരില്‍ 11 പേരും ഒബിസി വിഭാഗത്തില്‍നിന്നുള്ളവരാണ്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ച പിന്നിടുന്ന വേളയിലാണ് മന്ത്രിസഭ വിപുലീകരിക്കുന്നത്. ഡിസംബര്‍ മൂന്നിനായിരുന്നു ഫല പ്രഖ്യാപനം, മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെ നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് ബിജെപി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരായി ജദീഷ് ദേവ്ദയും രാജേന്ദ്ര ശുക്ലയും നേരത്തെ അധികാരമേറ്റിരുന്നു.

കൃഷ്ണ ഗൗർ, ധർമേന്ദ്ര ഭാവ് ലോധി, ദിലീപ് ജയ്‌സ്വാൾ, ഗൗതം തേത്വാൽ, ലഖൻ പട്ടേൽ, നാരായൺ സിംഗ് പവാർ എന്നിവരാണ് ജൂനിയർ മന്ത്രിമാർ. ഇവർക്ക് സ്വതന്ത്ര ചുമതല നൽകി. നരേന്ദ്ര ശിവാജി പട്ടേൽ, പ്രതിമ ബാഗ്രി, ദിലീപ് അഹിർവാർ, രാധാ സിംഗ് എന്നിവരാണ് സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ തവണ മന്ത്രിയായി ചുമതലയേറ്റ ആറുപേർ മാത്രമാണ് ഇത്തവണ ഉൾപ്പെട്ടത്.

തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയമാണ് നേടിയിരുന്നു. 230 സീറ്റുകളിൽ 163 എണ്ണവും ബിജെപി നേടി. 66 സീറ്റുകൾ മാത്രമാണ് കോൺ​ഗ്രസ് നേടിയത്.

Top