28 കിലോമീറ്റര്‍ മൈലേജ്, സ്‌ട്രോങ്ങ് ഹൈബ്രിഡ്; ഗ്രാന്റ് വിത്താരയെ ഏറ്റെടുത്ത് ആരാധകർ

ആള്‍ട്ടോ, സ്വിഫ്റ്റ് തുടങ്ങി മാരുതിയുടെ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് ലഭിച്ചിട്ടുള്ളതിന് സമാനമായ സ്വീകാര്യതയും ബുക്കിങ്ങുമാണ് മിഡ്‌സൈസ് എസ്.യു.വി. മോഡലായ ഗ്രാന്റ് വിത്താരയ്ക്ക് കിട്ടിയിട്ടുള്ളത്. 28 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതും മാരുതിയുടെ വാഹനത്തില്‍ ആദ്യമായി പരിക്ഷിക്കുന്നതുമായി സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനവുമാണ് ഈ വാഹനത്തിന്റെ ഡിമാന്റ് കുത്തനെ ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഈ വാഹനത്തിന് ലഭിച്ച ബുക്കിങ്ങ് ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

സാധാരണഗതിയില്‍ വാഹനത്തിന് ഡിമാന്റ് കൂടുമ്പോള്‍ ആനുകൂല്യങ്ങള്‍ പരമാവധി കുറയ്ക്കുക എന്നതാണ് നിര്‍മാതാക്കളുടെ രീതി. എന്നാല്‍, ഈ കീഴ്‌വഴക്കവും തിരുത്തുകയാണ് മാരുതി സുസുക്കി. നിലവില്‍ ഏറ്റവുമധികം ഡിമാന്റുള്ള മോഡലായ ഗ്രാന്റ് വിത്താരയ്ക്കും ആകര്‍ഷകമായ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി പ്രഖ്യാപിച്ചിട്ടുള്ള നവംബര്‍ ഓഫറിലാണ് ഗ്രാന്റ് വിത്താരയ്ക്ക് ആനൂകൂല്യം ഒരുക്കിയിട്ടുള്ളത്. മറ്റ് മോഡലുകള്‍ക്കും സമാനമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്രാന്റ് വിത്താരയുടെ സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലിനാണ് ഓഫര്‍ ഒരുക്കിയിട്ടുള്ളത്. 39,000 രൂപ വില വരുന്ന ആക്‌സസറിയാണ് വാഹനത്തിനൊപ്പം നല്‍കുന്നത്. ഇതിനുപുറമെ, അഞ്ച് വര്‍ഷമോ, ഒരു ലക്ഷം കിലോമീറ്റര്‍ വരെയോ ഉള്ള എക്‌സ്‌റ്റെന്റഡ് വാറണ്ടിയും ഈ വാഹനത്തിന് മാരുതി സുസുക്കി സൗജന്യമായി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഗ്രാന്റ് വിത്താരയുടെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിന് ഈ ഓഫര്‍ ബാധകമായിരിക്കില്ലെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.

മാരുതിയുടെ മറ്റ് മോഡലുകള്‍ക്കും സമാനമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതിയുടെ വാഹനനിരയിലെ കുഞ്ഞന്‍ മോഡലുകളാണ് മാരുതി ആള്‍ട്ടോ കെ10, എസ്-പ്രെസോ തുടങ്ങിയവയ്ക്ക് 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5000 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടുമാണ് മാരുതി നല്‍കുന്നത്. ഇതുപോലെ സെലേറിയോയ്ക്ക് 45,000 രൂപ വരെയുള്ള ഓഫറും ആള്‍ട്ടോ 800-ന് 30,000 രൂപയുടെ ആനുകൂല്യവുമാണ് മാരുതി ഉറപ്പുനല്‍കുന്നത്.

മാരുതിയുടെ ടോപ്പ് സെല്ലിങ്ങ് വാഹനങ്ങളുടെ പട്ടികയിലെ പ്രമുഖരായ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങിയ വാഹനങ്ങള്‍ക്കും സമാനമായ ഓഫറുകള്‍ ഒരുക്കുന്നുണ്ട്. വാഗണ്‍ആറിന് 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5000 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും നല്‍കുമ്പോള്‍, സ്വിഫ്റ്റ്, ഡിസയര്‍ എന്നീ മോഡലുകള്‍ക്ക് യഥാക്രമം 35,000 രൂപയും 30,000 രൂപയുമാണ് ആനുകൂല്യം. മാരുതി ഇഗ്നീസിന് 43,000 രൂപയുടെ ഓഫറും സിയാസിന് 40,000 രൂപയുമാണ് ഇളവ്.

Top