‘ദി കിംഗ്’ എത്തിയിട്ട് 27 വർഷം; ആഘോഷിച്ച് മമ്മൂട്ടിയും ഷാജി കൈലാസും

മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദി കിംഗ്. ‘ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ’ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ സ്റ്റൈലിനും മാനറിസങ്ങൾക്കും ഇപ്പോഴും ആരാധകർ ഏറെയാണ്. വർഷങ്ങൾക്ക് ഇപ്പുറവും ചിത്രത്തിലെ പല സംഭാഷണങ്ങളും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ഒരു കളക്ടർ ആയാൽ ജോസഫ് അലക്സ് തേവള്ളിപ്പറമ്പലിനെ പോലെ ആകണമെന്ന് മലയാളികൾ പലതവണ പറഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ 27ാം വാർഷികം ആഘോഷിക്കുകയാണ് ഷാജി കൈലാസും മമ്മൂട്ടിയും.

മമ്മൂട്ടിയും ഷാജി കൈലാസും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വീണ്ടും ഷാജി കൈലാസും മമ്മൂട്ടിയും ഒന്നിക്കുമോ ? എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ‌ഈ കോമ്പോയിൽ വീണ്ടുമൊരു ചിത്രം കാണാനായി കാത്തിരിക്കുന്നുവെന്നും സിനിമാസ്വാദകർ ഒരേസ്വരത്തിൽ പറയുന്നു.

1995 നവംബർ 11ന് ആയിരുന്നു ദി കിം​ഗ് റിലീസ് ചെയ്തത്. വൻ സാമ്പത്തിക വിജയം നേടിയ ചിത്രം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നുകൂടിയാണ്. മമ്മൂട്ടിക്കൊപ്പം മുരളിയും, വാണി വിശ്വനാഥും, ദേവനും നിറഞ്ഞാടിയ ചിത്രത്തിൽ സുരേഷ് ഗോപിയും അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Top