യുക്രൈനില്‍ നിന്നും 27 മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്നെത്തും; പി ശ്രീരാമകൃഷ്ണന്‍

sreeramakrishnan

തിരുവനന്തപുരം: യുക്രൈനില്‍ നിന്നും 27 മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്നെത്തുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. ആദ്യ വിമാനം വൈകീട്ട് മുംബൈയിലെത്തുമെന്നാണ് നോര്‍ക്ക അറിയിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണറും നോര്‍ക്കയുടെ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തുന്ന മുറയ്ക്ക് അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഡല്‍ഹിയിലും മുംബൈയിലുമാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്.

യുക്രൈനില്‍ നാലഞ്ച് ദിവസങ്ങള്‍ കൊണ്ട് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെങ്കിലും അനശ്ചിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യം പൂര്‍ണമായി ഉറപ്പിക്കാനാകില്ലെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top