26/11 attacks: I was a true follower of Lashkar, David Headley says

മുംബൈ: പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ പ്രവര്‍ത്തകനായിരുന്നു താനെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. എട്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചു. ഏഴു തവണയും മുംബൈയിലാണ് എത്തിയത്. ലഷ്‌കറെ നേതാവ് സാജിദ് മിറിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനമെന്നും ഹെഡ്‌ലി മൊഴി നല്‍കി. മുംബൈയിലെ ടാഡ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹെഡ്‌ലി മൊഴി നല്‍കിയത്.

2008ല്‍ മുംബയില്‍ ലഷ്‌കറെ തയ്ബ നടത്തി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മാപ്പുസാക്ഷിയാക്കിയ പ്രതിയാണ് പാക്കിസ്ഥാന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.

രാവിലെ ഏഴു മണി മുതലാണ് അമേരിക്കയിലെ അജ്ഞാതകേന്ദ്രത്തില്‍ നിന്ന് ഹെഡ്‌ലിയുടെമൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയത്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗവും കോടതിയിലുണ്ട്. ഇന്ത്യയില്‍ ഇതാദ്യമായാണ് വിദേശിയായ തീവ്രവാദിയെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചോദ്യം ചെയ്യുന്നതെന്ന് ഉജ്വല്‍ നിഗം പറഞ്ഞു.

ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ലഷ്‌കര്‍ ഭീകരനും മുംബയ് ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന അബു ജിന്‍ഡാലിനേയും ഹെഡ്‌ലിയേയും മുഖാമുഖം കൊണ്ടുവരാനും പ്രോസിക്യൂഷന്‍ ശ്രമിക്കുന്നുണ്ട്.

മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിനും ഐ.എസ്.ഐയ്ക്കും പങ്കുണ്ടെന്ന് ഹെഡ്‌ലി കഴിഞ്ഞ ദിവസം എന്‍.ഐ.എയോട് വെളിപ്പെടുത്തിയിരുന്നു. പാക് ഭീകരസംഘടനയായ ലഷ്‌കറെ തയ്ബ നേതാവ് ഹാഫിസ് മുഹമ്മദ് സയീദിന്റെ അനുമതിയോടു കൂടിയാണ് പദ്ധതി തയ്യാറാക്കിയതെന്നും ആക്രമണത്തിനു വേണ്ട സഹായവും പണവും പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്നു ലഭിച്ചതായും ഹെഡ്‌ലി കുറ്റസമ്മതം നടത്തി.

മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്കന്‍ ജയിലില്‍ 35 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ഹെഡ്‌ലിയെ കഴിഞ്ഞ വര്‍ഷമാണ് എന്‍.ഐ.എ മാപ്പുസാക്ഷിയാക്കിയത്.

Top