26/11 attackers made two failed attempts, lost guns at sea: David Headley

മുംബൈ: ചാരപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ സൈനികനെ കണ്ടെത്താന്‍ ഐ.എസ്.ഐ തന്നോട് ആവശ്യപ്പെട്ടെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈ താജ് മഹല്‍ ഹോട്ടലില്‍ ഇന്ത്യന്‍ സൈനികവിഭാഗത്തിലെ ശാസ്ത്രജ്ഞരെ അക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഹെഡ്‌ലി വെളിപ്പെടുത്തി.

മുംബൈ ഭീകരാക്രമണക്കേസില്‍ അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി രണ്ടാം ദിവസത്തെ വിചാരണയിലാണ് ഇക്കാര്യം പറഞ്ഞത്. മുംബൈ ടാഡ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തുന്നത്.

2007ലാണ് ലഷ്‌കര്‍ ഇ തൊയ്ബ മുംബൈ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നത്. അതിനായി വിവരങ്ങള്‍ ശേഖരിക്കാന്‍ മേജര്‍ ഇക്ബാല്‍ തന്നോട് ആവശ്യപ്പെട്ടു. ഐ.എസ്.ഐ മുന്‍ തലവന്‍ മേജര്‍ ഇക്ബാല്‍ ബാഷ വിരമിച്ച ശേഷം ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനായിരുന്നു. ലഷ്‌കറിന് വേണ്ടി ആയുധപരിശീലനം നല്‍കിയിരുന്നത് ബാഷയായിരുന്നു. ഒരു യോഗത്തില്‍വെച്ച് മുംബൈയിലെ താജ് മഹല്‍ പാലസ് ഹോട്ടല്‍ നിരീക്ഷിക്കാനാണ് തന്നെ ഏല്‍പ്പിച്ചത്.

2007 നവംബര്‍-ഡിസംബര്‍ മാസത്തില്‍ മുസഫാറാബാദില്‍ സാജിദ് മിര്‍, അബു കഫ എന്നിവരുമായി താന്‍ കൂടിക്കാഴ്ച നടത്തി. ലഷ്‌കര്‍ ഇ തൊയ്ബയെ യു.എസ്സില്‍ നിരോധിച്ചതിനെ നിയമപരമായി നേരിടാന്‍ ഹാഫിസ് സയ്യിദിനെയും ലഖ്‌വിയേയും താന്‍ ഉപദേശിച്ചു. ഐ.എസ്.ഐക്കു വേണ്ടി ചാരനായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ സൈനികരെ കണ്ടെത്താന്‍ മേജര്‍ ഇക്ബാല്‍ ഏല്‍പ്പിച്ചുവെന്നും ഹെഡ്‌ലി പറഞ്ഞു.

Top