26 black bucks die due to poisoning in Telangana

മെഹ്ബൂബ്‌നഗര്‍: കര്‍ഷകരുടെ കീടനാശിനി പ്രയോഗത്തില്‍ തെലങ്കാനയില്‍ 26 മാനുകള്‍ക്ക് ദാരുണാന്ത്യം. മെഹ്ബൂബ്‌നഗര്‍ ജില്ലയിലെ ഗുമ്മാഡാം ഗ്രാമത്തിലാണ് കീടനാശിനി പ്രയോഗിച്ച ചോളച്ചെടികള്‍ കഴിച്ച് മാനുകള്‍ കൂട്ടത്തോടെ ചത്തത്.

ശ്രീശൈലം ജലസംഭരണി പ്രദേശത്തുള്ള കൃഷിയിടങ്ങളിലാണ് മാന്‍കൂട്ടം ചത്തുകിടക്കുന്നത് കണ്ടത്. നിരവധി മാനുകള്‍ മരണാസന്നരായ അവസ്ഥയിലുമുണ്ടായിരുന്നു. മൃഗങ്ങളുടെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയതിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ചോളച്ചെടികളും പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ മാരകമായ വിഷാംശം അടങ്ങിയിട്ടുള്ളതായി ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തുകയായിരുന്നു.

വിളകള്‍ക്ക് ഭീഷണിയാകുന്ന എലി, മാന്‍, കാട്ടുപന്നി, മറ്റു കീടങ്ങള്‍ തുടങ്ങിയവയെ നേരിടുന്നതിന് ഇവിടെ കര്‍ഷകര്‍ മാരക വിഷമടങ്ങിയ കീടനാശിനികള്‍ ഉപയോഗിക്കാറുണ്ട്. രൂക്ഷ ഗന്ധവും വിഷാംശവുമുള്ള ഈ കീടനാശിനികള്‍ പ്രയോഗിച്ചാല്‍ മൃഗങ്ങള്‍ വിളകള്‍ക്ക് അടുത്ത് വരില്ല. വിളകള്‍ കഴിച്ചാല്‍ ചാവുകയും ചെയ്യും.

സംഭവത്തെ തുടര്‍ന്ന് ഇവിടെ കൃഷി ചെയ്തിരുന്ന ചോളച്ചെടികള്‍ അധികൃതര്‍ നശിപ്പിച്ചു. കീടനാശിനി പ്രയോഗിച്ച കര്‍ഷകര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായും അധികൃതര്‍ വ്യക്തമാക്കി. മരണാസന്ന നിലയില്‍ കണ്ടെത്തിയ മാനുകള്‍ക്ക് ചികിത്സ നല്‍കി വരികയാണ്.

വിളകളില്‍ മാരക വിഷാംശം ഉപയോഗിക്കുന്നതിനാല്‍ വന്യമൃഗങ്ങള്‍ ധാരാളമായുള്ള ഈ പ്രദേശത്ത് കൃഷി ചെയ്യുന്നത് വിലക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇതിനെ മറികടന്നാണ് കൃഷിയിറക്കുകയും കീടനാശിനി പ്രയോഗം നടത്തുകയും ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഭക്ഷ്യവിളകളില്‍ ഉപയോഗിക്കുന്ന കീടനാശിനിയുടെ രൂക്ഷത വ്യക്തമാക്കുന്ന സംഭവമാണിതെന്നും ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഭീഷണി ഇതില്‍നിന്ന് വ്യക്തമാണെന്നും ‘പീപ്പിള്‍ ഫോര്‍ കാറ്റില്‍ ഇന്‍ ഇന്ത്യ’ സംഘടനയുടെ സ്ഥാപകനായ ജി. അരുണ്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അരി, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തെലങ്കാനയില്‍നിന്ന് എത്തുന്നുണ്ട്.

Top