26.7 കോടി ഉപയോക്താക്കളുടെ ഫെയ്സ് ബുക്ക് വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണം ആരംഭിച്ചു

ഫെയ്സ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ഓണ്‍ലൈനില്‍ പരസ്യമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഉപയോക്താക്കളുടെ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവയാണ് ചോര്‍ന്നതെന്ന് സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയ വ്യക്താമാക്കി.

വ്യാപകമായ എസ്എംഎസ് തട്ടിപ്പിനും ഫിഷിങ് പ്രചരണങ്ങള്‍ക്കും വേണ്ടി ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ഉപയോഗിക്കാനിടയുണ്ടെന്നും വിയറ്റ്നാമില്‍ നിന്നുള്ള സൈബര്‍ കുറ്റവാളികള്‍ അനധികൃതമായി ഫെയ്സ്ബുക്ക് എപിഐ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ബോബ് പറഞ്ഞു.

ഉപയോക്താക്കളുടെ ഐഡികളും, ഫോണ്‍ നമ്പറും ഹാക്കര്‍മാര്‍ എങ്ങനെ കൈക്കലാക്കി എന്ന് വ്യക്തമല്ല. 2018 ല്‍ ഫെയ്സ് ബുക്ക് ഡെവലപ്പര്‍ എപിഐയ്ക്ക് ഫോണ്‍ നമ്പറുകളിലേക്ക് ഫെയ്സ് ബുക്ക് പ്രവേശനം നിഷേധിച്ചതിന് മുമ്പായിരിക്കാം ഇവ ചോര്‍ത്തിയത് എന്നാണ് അനുമാനം.

സംഭവത്തില്‍ അന്വേഷണം നടത്തുകയാണ് എന്നാണ് ഫെയ്സ് ബുക്കിന്റെ പ്രതികരണം. ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ചോര്‍ന്ന വിവരങ്ങള്‍ ആയിരിക്കാം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്ന് ഫെയ്സ് ബുക്ക് പറഞ്ഞു.

 

Top