മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ‘കയറൂരിവിട്ട്’ പാകിസ്ഥാന്‍; ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെതിരെ നടപടിയെടുക്കുന്നത് പാകിസ്ഥാന്‍ ഗൗരവമായി കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിലും സംസാരം ഉണ്ടാകുന്നുണ്ട്. അതേസമയം കൊടും ഭീകരനും അമേരിക്ക തലയ്ക്ക് കോടികള്‍ വിലയിട്ടിരിക്കുന്ന ഹാഫിസ് സയീദ്, ഇപ്പോള്‍ ഇസ്ലാമാബാദിന്റെ ആതിഥ്യം ആസ്വദിക്കുകയാണെന്നും ‘സ്വതന്ത്രമായി’ ചുറ്റിക്കറങ്ങുകയുമാണെന്നും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.

മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് ആണെന്ന് ലോകരാജ്യങ്ങള്‍ക്കടക്കം അറിവുള്ള കാര്യമാണ്.
എന്നിട്ടും ഈ ഭീകരന്‍ സ്വതന്ത്രമായി കറങ്ങുകയും പാകിസ്ഥാന്റെ ആതിഥ്യം ആസ്വദിക്കുകയും ചെയ്യുന്നത് പാകിസ്ഥാന്റെ ഒത്താശയോടെയാണ്. എല്ലാ തെളിവുകളും ഇന്ത്യ പാകിസ്ഥാന് കൈമാറിയിട്ടുണ്ട്. ആഗോള സമൂഹത്തില്‍, മുംബൈ ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാകിസ്ഥാന്‍ നിസംഗത കാണിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു .

2008 നവംബര്‍ 26 ന് പാകിസ്ഥാനില്‍ നിന്ന് സമുദ്രമാര്‍ഗത്തിലൂടെ മുംബൈ നഗരത്തിലേക്ക് കടന്ന 10 ലഷ്‌കര്‍-ഇ-തായ്ബ (എല്‍ഇടി) തീവ്രവാദികള്‍ വെടിവയ്പും ബോംബാക്രമണവും നടത്തി. അന്ന് ആക്രമണത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 166 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ഛത്രപതി ശിവാജി ടെര്‍മിനസ് (സിഎസ്ടി) റെയില്‍വേ സ്റ്റേഷന്‍, കാമ ഹോസ്പിറ്റല്‍, നരിമാന്‍ ഹൗസ് ബിസിനസ് ആന്‍ഡ് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ്, ലിയോപോള്‍ഡ് കഫെ, താജ് ഹോട്ടല്‍, ഒബറോയ്-ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന ഇത്തരം തീവ്രവാദ സംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യയും മറ്റ് പല രാജ്യങ്ങളും പാകിസ്ഥാനോട് ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിരുന്നു.

1997ലെ പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ നിയമം (എടിഎ) പ്രകാരം തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് സയ്യിദ് ഉള്‍പ്പെടെയുള്ള സംഘടനയിലെ 13 അംഗങ്ങള്‍ക്കെതിരെ ജൂലായില്‍ കേസെടുത്തിരുന്നു.

Top