2,591 Calls Made By Arms Dealer Sanjay Bhandari To A Person Not Traceable

ന്യൂഡല്‍ഹി: വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി അജ്ഞാത വ്യക്തിയുമായി ഒരു വര്‍ഷത്തിനിടെ ഫോണില്‍ ബന്ധപ്പെട്ടത് 2591 തവണ.

ഭണ്ഡാരിയുടെ വസതികളിലും ഓഫീസുകളിലും നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളില്‍നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. എന്നാല്‍, ഭണ്ഡാരി നിരവധി തവണ വിളിച്ചത് ആരെയാണെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഫുങ്ചാം വുങ്മായ് എന്ന പേരുള്ള വ്യക്തിയെയാണ് ഭണ്ഡാരി ഫോണില്‍ ബന്ധപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, ഫോണ്‍ ഇപ്പോള്‍ നിശ്ചലമാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സൗത്ത് ഡല്‍ഹിയിലെ ഫ്‌ളാറ്റിന്റെ വിലാസത്തിലാണ് ഫോണ്‍ എടുത്തിട്ടുള്ളത്.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയെങ്കിലും ഇങ്ങനെ ഒരാളെ കണ്ടെത്താന്‍ കഴിട്ടില്ല. വ്യാജ മേല്‍വിലാസത്തില്‍ ആരെങ്കിലും എടുത്ത ഫോണ്‍ കണക്ഷനാകാം ഇതെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്കുവേണ്ടി ഭണ്ഡാരി വിദേശത്ത് ആഡംബര വസതി വാങ്ങിയെന്ന ആരോപണമാണ് ആദ്യം ഉയര്‍ന്നത്.

വ്യോമയാനമന്ത്രി ഗജപതി റാവുവിന്റെ സഹായി അപ്പ റാവു, ബി.ജെ.പി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിങ് എന്നിവര്‍ ഭണ്ഡാരിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണം ഉയര്‍ന്നു.

ആരോപണം വദ്രയുടെ അഭിഭാഷകനും കോണ്‍ഗ്രസ് ബി.ജെ.പി നേതാക്കളും നിഷേധിച്ചിട്ടുണ്ട്.

Top