നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍

nipah 1

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ ആളുകളുടെ എണ്ണത്തില്‍ വര്‍ധനവ്. നിലവില്‍ 251 പേരാണ് പട്ടികയിലുള്ളത്. നേരത്തെ ഇത് 188 ആയിരുന്നു. 251 പേരില്‍ 32 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്. എട്ടു പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവ സാമ്പിളുകള്‍ പരിശോധിച്ച് ഫലം വരുന്നതിനെ അടിസ്ഥാനമാക്കിയാകും തുടര്‍ നടപടികള്‍.

അതേസമയം, ചാത്തമംഗലത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുന്നെ ഇവിടെ നിന്നും ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തത്.

പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാല്‍ ഇതിനേയും പിടികൂടി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

 

Top