കരസേനാ മേധാവി ശ്രീനഗറില്‍; സൈനികരെ വിവധ ഭാഗങ്ങളിലേയ്ക്ക് അയച്ച് തുടങ്ങി

ശ്രീനഗര്‍/ന്യൂഡല്‍ഹി:കശ്മീരില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 25,000 സൈനികര്‍ വിന്യസിച്ചു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ്, ആര്‍ട്ടിക്കിള്‍ 35 എ കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളയുമെന്ന അഭ്യൂഹം നിലനില്‍ക്കേയാണ് കൂടുതല്‍ സൈനീകരെ വിന്യസിപ്പിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ കശ്മീരിലെത്തിയ സൈനികരെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു തുടങ്ങി. കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യാഴാഴ്ച ശ്രീനഗറിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. രണ്ടു ദിവസം അദ്ദേഹം കശ്മീരിലുണ്ടാകും.

കഴിഞ്ഞ ആഴ്ച 100 കമ്പനി സൈനികരെയാണ് കേന്ദ്രം വിന്യസിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുക ലക്ഷ്യം എന്നാണ് ഔദ്യോഗിക വിശദീകരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്രം സൈനിക വിന്യാസം ആരംഭിച്ചത്. സര്‍ക്കാര്‍ രാജിവച്ചതിനാല്‍ ജമ്മു കശ്മീര്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിലാണ്.

ജമ്മു കശ്മീരില്‍ സൈനികരുടെ എണ്ണം കുറവാണെന്നും ഇതിനാലാണ് കൂടുതല്‍ സൈനികരെ വിന്യസിക്കുന്നത് എന്നുമാണ് കഴിഞ്ഞ ആഴ്ച ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞത്. തിടുക്കത്തിലുണ്ടായ സൈനിക വിന്യാസം താഴ് വരയില്‍ യുദ്ധമടക്കമുള്ള പല അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന കശ്മീരില്‍ ഈ വര്‍ഷം അവസാനിക്കും മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ വകുപ്പ് റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കട്ടെയെന്നും ഒമര്‍ വ്യക്തമാക്കി.

എന്നാല്‍ ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കില്ലെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. 35 എ വകുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്നാണ് വിഘടനവാദികളുടെ മുന്നറിയിപ്പ്.

1954 ല്‍ നിലവില്‍ വന്ന ആര്‍ട്ടിക്കിള്‍ 35 എ പ്രകാരം കശ്മീരില്‍ സ്വത്ത് വകകള്‍ വാങ്ങാന്‍ സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രമാണ് അധികാരം.കശ്മീരിലെ തദ്ദേശവാസികള്‍ ആരാണെന്ന് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരം. കശ്മീരിന് പുറത്തുള്ള ആളെ വിവാഹം കഴിച്ചാല്‍ സ്ത്രീകള്‍ക്ക് സ്വത്ത് വകകള്‍ക്ക് അവകാശമുണ്ടാകുകയില്ല, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നിയമനങ്ങള്‍ തദ്ദേശിയര്‍ക്ക് മാത്രം തുടങ്ങിയ വ്യവസ്ഥകള്‍ ഇതോടെ ഇല്ലാതാകും.

ആര്‍ട്ടിക്കിള്‍ 35 എ റദ്ദ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയോട് ഉടന്‍ ശുപാര്‍ശ ചെയ്‌തേക്കും. അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടും സ്വീകരിക്കേണ്ട നടപടികളും തീരുമാനിക്കുന്നതിനായി വൈകീട്ട് അഞ്ച് മണിക്ക് ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേരും.

Top