‘സോളാർ സിറ്റി’ വഴി 25000 വീടുകളിൽ സബ്സിഡിയോടുകൂടി സോളാർ പ്ലാന്റുകൾ

സോളാറിലൂടെ വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്ന വൻ പദ്ധതിക്ക് തിരുവനന്തപുരത്ത് നേതൃത്വം നൽകി അനെർട്ട് (ANERT). തിരുവനന്തപുരം നഗരസഭയിലെ 25,000 ഗാർഹിക ഉപഭോക്താക്കൾക്കാണ് പദ്ധതി പ്രയോജനപ്പെടുക. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ‘സോളാർ സിറ്റി’ പദ്ധതിയിലൂടെയാണ് വലിയ ചുവടുവെപ്പ് നടക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളെ സൗരോർജ്ജവത്കരിക്കുക എന്ന ആശയം ലക്ഷ്യമിട്ടാണ് സോളാർ സിറ്റി പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിൽ നിന്നും തിരുവനന്തപുരം നഗരസഭയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ സ്മാർട്ട്സിറ്റിയുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം നഗരപരിധിയിലെ 500ൽ പരം പൊതുകെട്ടിടങ്ങളിൽ 16 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ അനെർട്ട് സ്ഥാപിച്ചു കഴിഞ്ഞു. സമ്പൂർണ്ണ സൗരവത്കരണത്തിന്റെ ഭാഗമായി 100 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കാനും അനുമതിയായി.

തിരുവനന്തപുരം നഗരസഭയിലെ 25,000 ഗാർഹിക ഉപഭോക്താക്കൾക്ക് ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് അടിസ്ഥാന വിലയുടെ 40% വരെ സബ്സിഡിയും അനുവദിക്കും. കൂടാതെ ഈ പദ്ധതിക്കായി വിവിധ ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പയും നൽകും. ലോണിന് സംസ്ഥാന സർക്കാർ നൽകുന്ന 5% പലിശയിളവും നൽകുന്നുണ്ട്. നിലവിൽ ഹോം ലോണുകൾ ഉള്ള ഗുണഭോക്താക്കൾക്ക് ടോപ്-അപ് ആയി വായ്പ ലഭിക്കും.

2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നവർക്കാണ് സബ്സിഡി ലഭിക്കുക. ഫ്ലാറ്റുകൾ പോലെയുള്ള ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾക്ക് 500 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കാം.

അനെർട്ട് ടെൻഡർ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത കമ്പനികൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്പനികളുടെ സാങ്കേതിക, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് SEBI (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിഷ്കർഷിക്കുന്ന ഗ്രേഡിങ്ങാണ് മാനദണ്ഡമായി എടുത്തിട്ടുള്ളത്. ഇത്തരത്തിൽ സ്ഥാപിക്കുന്ന പ്ലാന്റുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ ഏജൻസിയായ NISE (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി) യുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇലക്ട്രിക്-വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി അനെർട്ട് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻ കീഴിലുള്ള EESL-മായി യോജിച്ച് വിവിധ തരത്തിലുള്ള ഇലക്ട്രിക് കാറുകൾ സർക്കാർ ഓഫീസുകൾക്ക് നൽകുന്നുണ്ട്. കൂടാതെ അനെർട്ട് ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം പബ്ലിക് ഇ.വി ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചു വരുന്നു.

വൈദ്യുത പമ്പുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുന്നതിനൊപ്പം കർഷകർക്ക് അധിക വരുമാനം കൂടെ ഉറപ്പാക്കുന്ന പി.എം കുസും പദ്ധതി, അക്ഷയ ഊർജ്ജ മേഖലയുടെ ഗുണഫലങ്ങൾ എല്ലാത്തരം ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഹരിത വരുമാന പദ്ധതി, ഗ്രിഡ് വൈദ്യുതി ലഭ്യമല്ലാത്ത വിദൂര ആദിവാസി കോളനികളിൽ സോളാർ പവർ പ്ലാന്റുകളോടൊപ്പം ചെറിയ കാറ്റാടി യന്ത്രങ്ങൾ കൂടി സ്ഥാപിച്ചുള്ള ഹൈബ്രിഡ് പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതി, സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതി, പച്ചക്കറി, പഴം, പൂവ് മുതലായ വിഭവങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ശീത സംഭരണി, ഗാർഹിക പുരപ്പുറ സൗരോർജ്ജ സബ്സിഡി പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികൾ കേരളത്തിൽ അനെർട്ട് നടപ്പിലാക്കുന്നുണ്ട്.

Top