ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിന്‍ പിടികൂടി; നാല് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 354 കിലോഗ്രാം ഹെറോയിന്‍ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു അഫ്ഗാന്‍ സ്വദേശിയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഹെറോയിന് ഏകദേശം 2500 കോടി രൂപ വിലവരുമെന്നും അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായി ബന്ധമുളളവരാണ് പിടിയിലായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിച്ചെടുത്ത ലഹരിമരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിച്ചതാണ്. കടല്‍ മാര്‍ഗം മുംബൈയിലെത്തിച്ച ഇവ ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. മധ്യപ്രദേശിലെ ശിവപുരിയിലെ ഒരു ഫാക്ടറിയിലാണ് ഇവ നേരത്തെ സൂക്ഷിച്ചിരുന്നത്. പിന്നീട് ഫരീദാബാദില്‍ ലഹരിമരുന്ന് സൂക്ഷിക്കാനായി വീടും വാടകയ്‌ക്കെടുത്തു. ഇതും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

പഞ്ചാബിലാണ് ലഹരിമരുന്ന് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇതെല്ലാം നിയന്ത്രിച്ചിരുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലഹരിമരുന്ന് സംഘത്തിന് പണം ലഭിച്ചിരുന്നത് പാകിസ്താനില്‍ നിന്നാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. അതിനാല്‍ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികാണ്.
കഴിഞ്ഞ മാസം ഡല്‍ഹി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്താരാഷ്ട്ര ബന്ധമുള്ള ലഹരിമരുന്ന് കടത്തുകാരെ പിടികൂടിയിരുന്നു. എട്ട് പേരാണ് അന്ന് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഡാര്‍ക്‌നെറ്റ് വഴി വില്‍പ്പന നടത്തിയ 245 കിലോ ലഹരിമരുന്നും പിടിച്ചെടുത്തിരുന്നു.

 

Top