250 goals from wayne runey record

ഗോള്‍വേട്ടയില്‍ ചരിത്രം കുറിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വെയ്ന്‍ റൂണി. സ്റ്റോക്ക് സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു സമനില നല്‍കിയ ഗോളില്‍ റൂണി ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഇതിഹാസ താരം ബോബി ചാള്‍ട്ടനെ മറികടന്ന് ഒന്നാമതെത്തി. ക്ലബ് ജഴ്‌സിയിലെ 546 ാം മല്‍സരത്തില്‍ താരത്തിന്റെ 250 ാം ഗോളായിരുന്നു ഇത്.

മല്‍സര ശേഷം ചാള്‍ട്ടന്‍ ഡ്രസ്സിങ് റൂമിലെത്തി റൂണിയെ അഭിനന്ദിച്ചു. ‘റൂണി റെക്കോര്‍ഡ് നഷ്ടമായതില്‍ എനിക്കു നിരാശയില്ല എന്നു പറഞ്ഞു കൂടാ. പക്ഷേ, അദ്ദേഹം തന്നെ അതു നേടിയതില്‍ എനിക്കു സന്തോഷമുണ്ട്. യുണൈറ്റഡിന്റെ ചരിത്ര പുസ്തകത്തില്‍ തീര്‍ച്ചയായും ഒരു സ്ഥാനം അദ്ദേഹം അര്‍ഹിക്കുന്നു’ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെബ്‌സൈറ്റിലൂടെ ചാള്‍ട്ടന്‍ തന്റെ പ്രതികരണമറിയിച്ചു. 2004ല്‍ ഓള്‍ഡ് ട്രാഫഡില്‍ അരങ്ങേറിയ മല്‍സരത്തില്‍ തന്നെ ഹാട്രിക് നേടി വരവറിയിച്ച റൂണിയെ അന്നേ തനിക്കിഷ്ടമായിരുന്നെന്നും ചാള്‍ട്ടന്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോ, മുന്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍, മുന്‍ ഇംഗ്ലണ്ട് താരങ്ങളായ അലന്‍ ഷിയറര്‍, ഗാരി ലിനേക്കര്‍ തുടങ്ങിയവരും റൂണിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

Top