സായി ബാബയുടെ പ്രസാദമെന്ന വ്യാജേന ബ്രൗൺഷുഗർ വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍

ബംഗളൂരു : സായി ബാബയുടെ പ്രസാദമെന്ന വ്യാജേന ബ്രൗൺഷുഗർ വിതരണം ചെയ്ത യുവാവ് ബംഗളൂരുവില്‍ അറസ്റ്റിലായി. രാജസ്ഥാന്‍ സ്വദേശിയായ വിക്രം ഖിലേരി എന്ന 25കാരനാണ് അറസ്റ്റിലായത്. ബംഗളുരു പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് .

ബുധനാഴ്ച 90 ഗ്രാം ബ്രൗൺഷുഗർ ഹെല്‍മെറ്റിലൊളിപ്പിച്ചാണ് ഇയാള്‍ സിറ്റി മാര്‍ക്കറ്റിലെത്തിയത്. സ്വകാര്യ കൊറിയര്‍ സേവനങ്ങളും സര്‍ക്കാര്‍ ബസ്സിലെ ഡ്രൈവര്‍മാര്‍ മുഖേനയുമാണ് സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ഇയാള്‍ ബ്രൗൺഷുഗർ വിതരണം ചെയ്തിരുന്നത്. പ്രസാദമെന്ന പേരില്‍ അയക്കുന്നതിനാല്‍ കൊറിയര്‍ സേവനങ്ങളോ ബസ് ഡ്രൈവര്‍മാരോ സംശയിച്ചിരുന്നില്ല. വളരെ സാധാരണ രീതിയിലായിരുന്നു ഇയാളുടെ മയക്കുമരുന്ന് കച്ചവടമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഹുബാലി, ബെല്ലാരി, ഹാസന്‍, വിജയപുര കൂടാതെ തമിഴ്നാട്ടിലും ഇയാളില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരുണ്ടെന്നാണ് ബംഗളൂരു പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ക്ക് ലഹരി മരുന്ന് എത്തിച്ച്‌ നല്‍കുന്നയാളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങിയതായി കര്‍ണാടക പൊലീസ് അറിയിച്ചു.

Top