ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ ലൈംഗിക ആരോപണവുമായി 25 വനിതാ ഹോംഗാര്‍ഡുകള്‍

rape-sexual-abuse

സൂറത്ത്: ഗുജറാത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ ലൈംഗിക ആരോപണവുമായി 25 വനിതാ ഹോംഗാര്‍ഡുകള്‍. രണ്ടു സീനിയര്‍ ഹോം ഗാര്‍ഡുകള്‍ക്കെതിരേയാണ് സ്ത്രീകള്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സ്ഥലംമാറ്റത്തിനു കൈക്കൂലി ആവശ്യപ്പെട്ടുവെന്നും യൂണിഫോം നേരെയാക്കുന്നു എന്ന രീതിയില്‍ തങ്ങളുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചുവെന്നും വീട്ടുപണിക്കു സഹായിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് വനിതാ ഹോംഗാര്‍ഡുകല്‍ ഉന്നയിച്ച ആരോപണങ്ങള്‍.

ലൈംഗികമായി വഴങ്ങാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെന്നും ഇതിനു വഴങ്ങാത്തതിനാല്‍ ജോലിയില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. സൂറത്ത് സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷ് ശര്‍മയ്ക്കാണു സ്ത്രീകള്‍ പരാതി കൈമാറിയത്. പരാതിയുടെ പകര്‍പ്പ് ഗുജറാത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അയച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണ കമ്മിറ്റി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Top