കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ 25 പൊലീസ്​ വാനുകള്‍ മൊബൈല്‍ ലാബുകളാക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരത്തിലെ 79 ഹോട്ട്‌സ്‌പോട്ടുകളില്‍ പരിശോധന നടത്താന്‍ പൊലീസ് വാനുകള്‍ മൊബൈല്‍ ലാബുകളാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി പൊലീസിന്റെ 25 വാനുകളാണ് മൊബൈല്‍ ലാബുകളാക്കി മാറ്റുക. അടുത്ത 3-4 ദിവസത്തിനുള്ളില്‍ നഗരത്തിലെ കോവിഡ് അതിവ്യാപന മേഖലകളില്‍ 40,000 ത്തോളം ദ്രുത പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പൊലീസ് സുരക്ഷയോടെയാണ് ലാബുകള്‍ പ്രവര്‍ത്തിക്കുക. രോഗലക്ഷണങ്ങളില്ലാത്ത 186 പേര്‍ക്ക് ശനിയാഴ്ച കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ തീരുമാനമെടുത്തത്.

രോഗലക്ഷണങ്ങളില്ലാത്തതും, കോവിഡ് പോസിറ്റീവായ ആളുകളില്‍ നിന്നും അറിയാതെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നുണ്ടോയെന്ന സംശയവുമാണ് പരിശോധന നടത്താന്‍ കാരണമായത്.

അതേസമയം,ഡല്‍ഹിയിലെ 11 റവന്യൂ ജില്ലകളും വൈറസ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 27 ന് സര്‍ക്കാര്‍ നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യും. 2003 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഞായറാഴ്ച പുറത്തുവന്ന 736 പരിശോധനാഫലങ്ങളില്‍ 186 എണ്ണം കോവിഡ് പോസിറ്റീവായിരുന്നു. ഇതുവരെ 46 പേര്‍ മരിച്ചു.

Top