25 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടമിട്ട് ബിജെപി;മറ്റിടങ്ങളില്‍ തന്ത്രപരമായ നീക്കം

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുക എന്നത് മാത്രമല്ല, പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബിജെപി- ആര്‍എസ്എസ് നേതൃത്വം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയ പ്രദേശങ്ങളുള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട 25 മണ്ഡലങ്ങളില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനം കേന്ദ്രീകരിച്ച് പോരാടാനും മറ്റിടങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കാനുമാണ് തീരുമാനം.

140 മണ്ഡലങ്ങളിലും ബിജെപി മുന്നണി മത്സരിക്കുമെങ്കിലും വിജയിക്കാന്‍ പറ്റാവുന്നതും അട്ടിമറി പ്രതീക്ഷിക്കുന്നതുമായ 25 മണ്ഡലങ്ങള്‍ ടാര്‍ഗറ്റ് ചെയ്യും.

ഇവിടങ്ങളില്‍ പൊതു സ്വീകാര്യരായ മികച്ച പ്രതിച്ഛായയുള്ളവരെ മത്സരിപ്പിക്കും. വനിതകള്‍, യുവാക്കള്‍, പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

ജില്ലകള്‍ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി കേന്ദ്ര മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും പ്രത്യേക ചുമതലകള്‍ നല്‍കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ഇതില്‍ പാര്‍ട്ടി സ്വാധീന മേഖലയായ തിരുവനന്തപുരത്തും പാലക്കാടും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും കാസര്‍ഗോഡ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്കുമാണ് ചുമതല നല്‍കുന്നത്.

എന്‍എസ്എസ്- എസ്എന്‍ഡിപി യോഗം അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം.

എസ്എന്‍ഡിപി യോഗം പുതിയ പാര്‍ട്ടി രൂപീകരിച്ചാലും ഇല്ലെങ്കിലും അവരെ പിണക്കാതെ കൂടെ നിര്‍ത്താന്‍ തന്നെയാണ് തീരുമാനം.

ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരുന്നതിനേക്കാള്‍ യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയാണ് കേരളത്തില്‍ വളരാന്‍ ബിജെപിക്ക് വഴിയൊരുക്കുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ബിജെപി ആവിഷ്‌ക്കരിക്കുന്നത്.

ഇരുമുന്നണികളും മാറി മാറി ഭരിക്കുന്ന പതിവ് രീതിക്ക് ഇത്തവണ മാറ്റം വന്നാല്‍ അത് ഇടതുപക്ഷത്തിന്റെ അിടിത്തറതന്നെ ഇളക്കുമെന്നാണ് സംഘ്പരിവാര്‍ ബുദ്ധിജീവികളുടെ വിലയിരുത്തല്‍.

എസ്എന്‍ഡിപി യോഗത്തെ പിണക്കാതെ സഹകരിക്കുമെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗത്തിനേക്കാള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്തത് എന്‍എസ്എസ് ആണെന്ന കാഴ്ചപ്പാടിലാണ് ബിജെപി നേതൃത്വം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന വെള്ളാപ്പള്ളിയുടെ അവകാശവാദങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന്‌ ബിജെപി പ്രസിഡന്റ് അമിത് ഷാ അടക്കമുള്ളവര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

വെള്ളാപ്പള്ളിയുടെ സ്വന്തം വാര്‍ഡില്‍ തന്നെ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം തന്നെയാണ് വെള്ളാപ്പള്ളിയുടെ അവകാശവാദത്തിന്റെ മുനയൊടിച്ചത്.

മൈക്രോഫിനാന്‍സ് വിവാദവും ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുമെല്ലാം വെള്ളാപ്പള്ളിക്കെതിരെ ആരോപണമുയര്‍ന്നില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം സാധ്യമാകുമായിരുന്നുവെന്ന വിലയിരുത്തലിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെയും അവര്‍ അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ ബിജെപിയുടെ നേട്ടം ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യം കൊടുത്തത് ദേശീയ നേതൃത്വത്തെയും സന്തോഷിപ്പിച്ചിട്ടുണ്ട്.

ബീഹാറില്‍ ഏറ്റ കനത്ത പരാജയം നരേന്ദ്രമോഡി സര്‍ക്കാരിനുള്ള കനത്ത തിരിച്ചടിയായി ദേശീയ ചാനലുകളില്‍ ചര്‍ച്ചയായപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ ബിജെപിയുടെ മുന്നേറ്റം ചൂണ്ടിക്കാണിക്കേണ്ട സാഹചര്യം ബിജെപി വക്താക്കള്‍ക്കും ചില രാഷ്ട്രീയ നിരീക്ഷകര്‍ക്കുമുണ്ടായി എന്നതും ശ്രദ്ധേയമാണ്.

കേരളീയ സമൂഹത്തിലുള്ള ‘അയിത്തം’ ബിജെപിക്ക് മാറിയെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അത്ഭുതം സൃഷ്ടിക്കുമെന്നുമാണ് ദേശീയ നേതാക്കളും ഇപ്പോള്‍ പറയുന്നത്.

ആര്‍എസ്എസിന്റെ പൂര്‍ണ്ണമായ സംഘടനാ സംവിധാനം തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. അരുവിക്കര മോഡല്‍ പ്രചാരണമാണ് ഇവിടങ്ങളില്‍ ലക്ഷ്യമിടുന്നത്.

ബിജെപിയുടെ ഈ തിരഞ്ഞെടുപ്പ് തന്ത്രം ഭരണം പിടിക്കാന്‍ രംഗത്തിറങ്ങുന്ന സിപിഎമ്മിനും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന യുഡിഎഫിനും ഏറെ നിര്‍ണ്ണായകമാണ്.

സംസ്ഥാനത്തെ മിക്ക എംഎല്‍എമാരും നിലവില്‍ വളരെ ചെറിയ വോട്ടുകള്‍ക്കാണ് വിജയിച്ചതെന്നിരിക്കെ ബിജെപിയുടെ നിലപാടും ന്യൂനപക്ഷ വോട്ട് കേന്ദ്രീകരണവുമായിരിക്കും കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കുക.

Top