ഐ.എഫ്.എഫ്.കെ: 10000 പാസ്; രജിസ്‌ട്രേഷന്‍ 8 മുതല്‍,25 കഴിഞ്ഞാല്‍ 1500 രൂപ

തിരുവനന്തപുരം:ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറ് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാവും. മലയാള സിനിമകളില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി.

മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ആകെ 10,000 പാസുകളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. ഈ വര്‍ഷം 1000 രൂപയായിരിക്കും പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബര്‍ 25നുശേഷം ഇത് 1500 രൂപയാവും. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിലും ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ എട്ടിന് ആരംഭിക്കും. ഓഫ് ലൈന്‍ രജിസ്ട്രേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും രജിസ്ട്രേഷന്‍. പിന്നീട് പൊതു വിഭാഗത്തിനായുള്ള രജിസ്ട്രേഷനും തുടങ്ങും.

Top