കറാച്ചി: പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയില്‍ വ്യാജ മദ്യം കുടിച്ച് ഇരുപത്തിനാലു പേര്‍ മരിച്ചു. ഹോളി ആഘോഷങ്ങള്‍ക്കിടയിലാണ് ഇവര്‍ മദ്യം കുടിച്ചത്. മരിച്ചവരില്‍ ആറു സ്ത്രീകളും ഉള്‍പ്പെടും. രണ്ട് വര്‍ഷം മുമ്പ് രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയിലും സമാനമായ ദുരന്തം സംഭവിച്ചിരുന്നു. മദ്യം കുടിച്ച് അവശനിലയിലായ മുപ്പത്തിയഞ്ച് പേരെ ഉടന്‍ തന്നെ താന്‍ഡോ മുഹമ്മദ് ഖാന്‍ ജില്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുപത്തിനാലു പേര്‍ അവിടെ വച്ച് മരിക്കുകയായിരുന്നു.
ജില്ലയിലുള്ള ഒരു വ്യാപാരിയുടെ കൈയില്‍ നിന്നാണ് ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇവര്‍ മദ്യം വാങ്ങിയതെന്ന് ഹൈദരാബാദ് പൊലീസ് ഓഫീസര്‍ ഹഖ് നവാസ് അറിയിച്ചു. ആശുപത്രിയിലുള്ള മറ്റുള്ളവരുടെ നിലയും മോശമാണ്. സംഭവത്തെ തുടര്‍ന്ന് സ്ഥലവാസികള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വ്യാജ മദ്യത്തിന്റെ അനധികൃതമായ വില്‍പ്പനയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിരെതിരെയും പ്രതിഷേധം ഉയര്‍ന്നു.
വ്യാജ മദ്യം വാറ്റി ഉണ്ടാക്കിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധികൃതര്‍ പ്രദേശത്തെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. ഹൈദരാബാദിലും കറാച്ചിയിലും 2014ല്‍ ഈദ്ഉല്‍അസ്ഹ ആഘോഷങ്ങള്‍ക്കിടയില്‍ ഇരുപത്തി ഒമ്പതുപേര്‍ വ്യാജ മദ്യം കുടിച്ച് മരിച്ചിരുന്നു. പാകിസ്ഥാനില്‍ മുസ്ലീങ്ങള്‍ മദ്യം കഴിക്കുന്നത് ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രവിശ്യ എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക മദ്യശാലകളില്‍ നിന്നും റേഷന്‍ മദ്യം നല്‍കാറുണ്ട്.