ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിനു ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24 ശതമാനം വര്‍ധനയാണ്. ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകര്‍ന്നുവെന്ന് കണക്കാക്കുന്ന ആര്‍ നോട്ട് 0.96ല്‍ നിന്ന് 1.5ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ഈ ആഴ്ച പ്രതിദിന രോഗികളുടെ എണ്ണം 40000ന് മുകളിലെത്താമെന്നും സര്‍ക്കാരിന്റെ കൊവിഡ് റിപ്പോര്‍ട്ട് പറയുന്നു.

വാക്‌സിനേഷനില്‍ കാര്യമായ പുരോഗതി ഉണ്ടായതിനാലും 60 വയസിന് മുകളില്‍ നല്ലൊരു ശതമാനം പേരും ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്ത സ്ഥിതിക്കും രോഗാവസ്ഥ ഗുരുതരമാകില്ലെന്നാണ് വിലയിരുത്തല്‍. ഐ സി യു, വെന്റിലേറ്റര്‍ എന്നിവയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകില്ല. എന്നാല്‍ ഓക്‌സിജന്‍ ആവശ്യമുള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം ചികില്‍സയിലുള്ള നല്ലൊരു ശതമാനം രോഗികള്‍ക്കും ഓക്‌സിജന്‍ നല്‍കിയുള്ള ചികില്‍സ ആവശ്യമായി വരികയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

നിലവില്‍ മലപ്പുറം, തൃശൂര്‍ , കോഴിക്കോട്, എറണാകുളം തുടങ്ങി വടക്കന്‍ ജില്ലകളിലാണ് രോഗബാധിതരിലേറെയും. എന്നാല്‍ ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകര്‍ന്നുവെന്ന് കണക്കാക്കുന്ന ആര്‍ നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ജില്ലകളിലും രോഗികളുടെ എണ്ണം ഉയരാമെന്നാണ് വിലയിരുത്തല്‍. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള ഇന്‍കുബേഷന്‍ സമയം ആറ് ദിവസമായി കുറഞ്ഞിട്ടുണ്ട്. ഇത് മൂന്ന് ദിവസം എന്ന കണക്കിലേക്കും എത്തുന്നുണ്ട്.

 

Top