‘നിര്‍ഭയം’ തുടരുന്ന ക്രൂരത; ദിവസേന അരങ്ങേറുന്നത് 91 ബലാത്സംഗങ്ങള്‍, ശിക്ഷിക്കപ്പെടുന്നതോ?

ഴ് വര്‍ഷങ്ങള്‍, നാല് മരണ വാറണ്ടുകള്‍, ഇത്രയും നാടകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് 2012 ഡല്‍ഹി കൂട്ടബലാത്സംഗ, കൊലപാതക കേസിലെ നാല് കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ രാജ്യത്തിന് സാധിച്ചത്. നിയമവ്യവസ്ഥയെ നിര്‍ബാധം തട്ടിക്കളിക്കാന്‍ കുറ്റവാളികള്‍ക്ക് സാധിച്ചെന്നാണ് ശരാശരി വ്യക്തികള്‍ പോലും ചിന്തിക്കുന്നത്. നിര്‍ഭയ കേസിലെ പ്രതികള്‍ മരണം പുല്‍കിയെങ്കിലും, രാജ്യം ഉണര്‍ന്നിരിക്കുമ്പോഴും ബലാത്സംഗ കുറ്റകൃത്യങ്ങള്‍ കുറവില്ലെന്നതാണ് ഞെട്ടിക്കുന്നത്.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് 2012ല്‍ നടന്ന 24,923 കേസുകളില്‍ ഒന്നായിരുന്നു നിര്‍ഭയയുടേത്. ആ സമയത്ത് ജനരോഷം ആളിക്കത്തുകയും, ജനം തെരുവിലിറങ്ങുകയും ചെയ്യുന്ന കാഴ്ച നമ്മുടെ ചിന്താഗതികള്‍ മാറുകയാണെന്ന പ്രതീക്ഷ നല്‍കി. ഏഴ് വര്‍ഷത്തിന് ഇപ്പുറം നിര്‍ഭയയുടെ കുടുംബത്തിന് നീതി ലഭിച്ചെങ്കിലും നമ്മുടെ പെണ്‍മക്കളുടെ സുരക്ഷയില്‍ ആശ്വാസം നല്‍കുന്ന കാര്യങ്ങളല്ല ജനുവരിയില്‍ പുറത്തുവന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍.

2018ലെ കണക്കുകള്‍ പ്രകാരം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം പ്രതിദിനം 91.38 എന്ന നിലയിലേക്കാണ് ഉയര്‍ന്നത്. 2018ല്‍ 33,356 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിര്‍ഭയ കൊല്ലപ്പെട്ടതിന് ശേഷം 2016ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ നിന്നും പീഡന കേസുകളുടെ എണ്ണം കുറയുന്നുവെന്നതാണ് ആശ്വാസം നല്‍കുന്ന ഒരേയൊരു കാര്യം.

ഇപ്പോഴും സ്ത്രീകള്‍ സുരക്ഷിതരാകുന്നില്ലെന്നതിന് ഒരു കാരണം ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ അതിവേഗം നടക്കുന്നില്ലെന്നത് തന്നെയാണ്. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ബലാത്സംഗ കേസുകള്‍ പോലും കോടതികള്‍ വിധി പറയാതെ കിടക്കുന്നു. നിര്‍ഭയ കേസില്‍ വിചാരണ കോടതി ഒരു വര്‍ഷം കൊണ്ട് വിധി പ്രസ്താവിച്ചെങ്കിലും ഏഴ് വര്‍ഷത്തെ നിയമ പോരാട്ടം വേണ്ടിവന്നു വിധി നടപ്പിലാക്കാന്‍. പ്രതികളെ തൂക്കിലേറ്റുന്നതിന് മണിക്കൂറികള്‍ മുന്‍പ് വരെ ആ നിയമ പോരാട്ടം തുടര്‍ന്നിരുന്നു.

Top