രാജ്യത്ത് തടസമില്ലാതെ ഇനി 24 മണിക്കൂറും വൈദ്യുതി; പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് തടസമില്ലാതെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലാവും കേന്ദ്രത്തിന്റെ പുതിയ വ്യവസ്ഥകള്‍.

കേന്ദ്ര ഊര്‍ജ മന്ത്രാലയം അന്തിമ രൂപം നല്‍കിയ പുതിയ താരിഫ് നയത്തിലാണ് ഇതു സംബന്ധിച്ച് വൈദ്യുതി വിതരണ കമ്പനികള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തങ്ങള്‍ നിരത്തിയത്. പുതിയ താരിഫ് നയം ഊര്‍ജ മന്ത്രാലയം കാബിനറ്റിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.

മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുകയോ മുന്‍കൂട്ടി അറിയിച്ച നിശ്ചിത സമയ പരിധി കഴിഞ്ഞും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരത്തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാവുകയും ചെയ്യും. അടുത്ത തവണ വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ ആ തുക കുറച്ച് ബാക്കി പണം അടച്ചാല്‍ മതിയാവും.

എല്ലാ സംസ്ഥാനങ്ങള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാണ്. രാജ്യത്തെ വൈദ്യുതി വിതരണ രംഗത്തെ ഏറ്റവും വലിയ പരിഷ്‌കാരമാവും ഇതെന്നും ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

Top