24 മണിക്കൂര്‍ കഴിഞ്ഞു; അനുമതി നല്‍കിയില്ലെങ്കില്‍ ലഭ്യമാക്കിയ ബസ് തിരികെ വിളിക്കുമെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: യുപിയിലെ അതിഥി തൊഴിലാളികള്‍ക്കായി താന്‍ വാഗ്ദാനം ചെയ്ത ബസുകള്‍ തിരികെ വിളിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘വൈകിട്ട് 4 മണിക്ക്, ബസുകള്‍ ലഭ്യമാക്കി 24 മണിക്കൂറാകും. നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ചെയ്യുക. ഞങ്ങള്‍ക്ക് അനുമതി നല്‍കുക. ബസുകളില്‍ ബിജെപി പതാകകളും സ്റ്റിക്കറുകളും ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതു ചെയ്യാം. ബസുകള്‍ ഓടാന്‍ അനുവദിക്കുക. അല്ലാത്തപക്ഷം, അവ തിരിച്ചയയ്ക്കുമെന്നാണ് പ്രിയങ്കഗാന്ധി പ്രതികരിച്ചത്.

ബസ്സുകള്‍ തിരികെ വിളിക്കുമെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും സഹായങ്ങളും നല്‍കുന്നതു തുടരുമെന്നും പ്രിയങ്ക മാധ്യമങ്ങള്‍ക്ക് നല്‍കിയ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

കുടിയേറ്റക്കാര്‍ക്കായി ആയിരം ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്ന പ്രിയങ്ക ഗാന്ധിയുടെ അഭ്യര്‍ഥനയ്ക്ക് യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് അനുവാദം നല്‍കിയത്. എന്നാല്‍ ബസുകളുടെ പേരില്‍ ഓട്ടോകള്‍, ഇരുചക്ര വാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ പട്ടികയില്‍പ്പെടുത്തി കോണ്‍ഗ്രസ് തട്ടിപ്പ് നടത്തിയെന്നാണ് യുപി സര്‍ക്കാര്‍ ആരോപിക്കുന്നത്.

ബസുകള്‍ സംബന്ധിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് പ്രിയങ്കയുടെ സെക്രട്ടറിക്കും യുപി കോണ്‍ഗ്രസ് മേധാവി അജയ് കുമാര്‍ ലല്ലുവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്.

Top