ശ്രമിക് ട്രെയിനുകളില്‍ ഇതുവരെ പിറന്നത് 24 കുട്ടികള്‍: റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയ ശ്രമിക് ട്രെയിനുകളില്‍ ഇതുവരെ പിറന്നത് 24 കുട്ടികള്‍. മെയ് 1 മുതലുള്ള കണക്കാണിത്. ആര്‍പിഎഫ് ഉദ്യോഗസ്ഥരോ റെയില്‍വേ മെഡിക്കല്‍ സംഘമോ ആണ് ഇവര്‍ക്ക് സഹായമൊരുക്കിയത്.

അതേസമയം, ഇന്ന് കുടിയേറ്റത്തൊഴിലാളിയായ യുവതിക്ക് ട്രെയിനില്‍ കുഞ്ഞു പിറന്നു. രാവിലെ ഗുജറാത്തിലെ സൂറത്തില്‍ നിന്നും ബിഹാറിലെ നവാഡയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ സഹയാത്രികര്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ട്രെയിന്‍ ആഗ്രയില്‍ നിര്‍ത്തി. റെയില്‍വേ പൊലീസിന്റെ ഇടപെടലിലൂടെ ട്രെയിനുള്ളില്‍ പ്രസവത്തിനുള്ള സജ്ജീകരണമൊരുക്കി. പിന്നീട് അവരെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്ന് റെയില്‍വേ ട്വീറ്റ് ചെയ്തു.

മെയ് 1 മുതല്‍ സര്‍വ്വീസ് നടത്തിയ 2317 ശ്രമിക് ട്രെയിനുകളിലായി 31 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ഇതുവരെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് എന്നാണ് റെയില്‍വേ പുറത്തവിട്ട കണക്ക്.

Top