മെഹുല്‍ ചോക്‌സിയുടെയും നീരവ് മോദിയുടെയും 2340 കിലോ വജ്രങ്ങളും രത്‌നങ്ങളും ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് തട്ടിപ്പു കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും വന്‍ ആഭരണ ശേഖരം ഇന്ത്യയില്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബയില്‍ തിരികെ എത്തിച്ചത്. ഇവയ്ക്ക് 1350 കോടി രൂപ വില വരുമെന്നാണ് എന്‍ഫോഴ്സ്മെന്റ് കണക്ക്.

ബാങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും വിട്ടുകിട്ടാന്‍ ഏറെക്കാലമായി ഇന്ത്യ ശ്രമം തുടരുകയാണ്. ഇവരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്തി ഇന്ത്യയിലേക്ക് എത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ശ്രമിച്ചു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്. മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണെന്നാണ് സൂചന.

Top